തൃശൂര്‍: ലീവ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടറെ അടിയില്‍ നിന്ന് ഒഴിഞ്ഞ് മാറിയ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറായ കെ.എ. നാരായണനെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എം. വി ഷൈജയ്ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
2021 മെയ് 7നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം നാരായണന് മറ്റൊരു ജീവനക്കാരനുമായി സംസാരിച്ചുകൊണ്ടു നില്‍ക്കെ ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കൈയേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. കണ്ടക്ടറായ ഷൈജ ഇന്‍സ്പെക്ടറുടെ പുറത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഒഴിഞ്ഞുമാറുകയും ഇവര്‍ കമഴ്ന്നടിച്ച് വീഴുകയുമായിരുന്നു.
നിലത്തു വീണ ഷൈജയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വനിതാ ജീവനക്കാരിയില്‍ നിന്നും മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ ഇന്‍സ്പെക്ടര്‍ ഒഴിഞ്ഞ് മാറിയതിനാലാണ് ജീവനക്കാരി തറയില്‍ വീണ് ഗുരുതരമായി പരിക്കേറ്റതെന്ന് പറയുന്നുണ്ട്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം രസകരമായ ട്രോളുകളാണ് നിറയുന്നത്. മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ ഒഴിഞ്ഞ് മാറുന്നത് കെഎസ്ആര്‍ടിസിയില്‍ കുറ്റകരമാണെന്ന വിധത്തിലുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: