കൊട്ടാരക്കര: പാമ്പിന്റെ കടിയേറ്റ് മരണങ്ങള് തുടര്‍ക്കഥയായിട്ടും പാമ്പിന് വിഷത്തിനുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് അന്യമാണ്. കഴിഞ്ഞ ദിവസം പള്ളിക്കലില്‍ രതീഷ്-ആര്‍ച്ച ദമ്പതികളുടെ രണ്ടര വയസുള്ള മകള്‍ നീലാംബരിക്ക് പാമ്പിന്റെ കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മരണം സംഭവിച്ചത്. ഇത്തരത്തില്‍ നിരവധി മരണങ്ങളാണ് ചികിത്സാസൗകര്യം ഇല്ലാത്തതിനാല്‍ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായികൊണ്ടിരിക്കുന്നത്.
കാടും, മലയും, ഗ്രാമവും കര്‍ഷകരും, കന്നുകാലി വളര്‍ത്തുകാരും ഏറെയുള്ള കൊട്ടാരക്കര താലൂക്കില്‍ പാമ്പിന്റെ കടി ഏല്‍ക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പാമ്പിന്റെ കടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നിരിക്കെ വിദഗ്ധ ചികിത്സക്കായി 80 കിലോമീറ്ററോളം താണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തും വരെ എങ്ങനെ ജീവന് നിലനിര്‍ത്താനാകുമെന്ന ചോദ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പാമ്പിന് വിഷമേറ്റ് പ്രാഥമിക ചികിത്സയായ ആന്റിവന്‍ മാത്രമാണ് നിലവില്‍ ഇവിടെ നിന്നും ലഭിക്കുന്നത്. ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരും ഡയാലിസിസ്, വെന്റിലേറ്റര്‍ സൗകര്യങ്ങളും വിഷചികിത്സാവിഭാഗത്തില് അനിവാര്യമാണ്. കൊട്ടാരക്കരയില്‍ ഈവിഭാഗം ഡോക്ടര്‍മാര്‍ ആരുമില്ല. കൂടാതെ ഡയാലിസിസ് സെന്റര്‍ ഉണ്ടെങ്കിലും ആദ്യ ഡയാലിസിസിനുള്ള സംവിധാനമില്ല.
പാമ്പുകടിയേറ്റ് ചികിത്സതേടി എത്തുന്നവരെ ജില്ലാ ആശുപത്രിയിലേക്കോ തിരുവനന്തപുരത്തേക്കോ അയയ്ക്കുക മാത്രമാണ് ഏകമാര്‍ഗം. മുന്‍പ് പാമ്പ് കടിയേറ്റ കുഞ്ഞിനെയും കൊണ്ട് സ്വന്തം വാഹനത്തില്‍ കൊട്ടാരക്കര ആശുപത്രിയിലെ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ജീവന് രക്ഷിച്ച സംഭവത്തിനും കൊട്ടാരക്കര സാക്ഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: