ആലപ്പുഴ: ചികിത്സയിലെ വീഴ്ച ആരോപിച്ച് േെകാവിഡ് ഡ്യൂട്ടിക്കിടയില്‍ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവ ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജി പ്രഖ്യാപിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് രാജി സംബന്ധിച്ച തീരുമാനം ഡോ. രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൊലീസുകാരന് എതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര ആശുപത്രിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. 40 ദിവസമായി മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്.
40 ദിവസമായി സമരം തുടരുമ്പോഴും ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇടതുപക്ഷ പ്രവര്ത്തകന് ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ രാഹുല്‍ മാത്യു ചൂണ്ടിക്കാട്ടുന്നു. താന്‍ ജീവിതത്തില്‍ ചതിക്കപ്പെട്ടെന്നും രാജിവിവരം പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ ആരോപിച്ചു.
അതേസമയം, മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ പൊലീസുകാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലി നഷ്ടപ്പെടുമെന്നടക്കം കാര്യങ്ങളാണ് കോടതിയെ പ്രതി അറിയിച്ചത്. അതേസമയം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന കര്‍ശന നിലപാടാണു മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യുവിനു വേണ്ടി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചുമതലപ്പെടുത്തിയ അഭിഭാഷകന് സ്വീകരിച്ചത്.
രാജ്യത്ത് പല സ്ഥലങ്ങളിലും സമാനമായി ഡോക്ടര്‍മാര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും പ്രതിക്കു ജാമ്യം നല്കുന്നതു സമൂഹത്തിനു മോശം സന്ദേശം നല്‍കുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാദിച്ചു. ഡോക്ടര്‍ രാഹുല്‍ ക്രൂരമായ മര്‍ദനത്തിനാണ് ഇരയായത്. അതുകൊണ്ടുതന്നെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്കുന്നതു നീതി നിഷേധമാകുമെന്നും കേസെടുത്തു മാസങ്ങള്‍ പിന്നിട്ടിട്ടും പൊലീസില്‍നിന്നു തുടര്‍ നടപടിയുണ്ടായിട്ടില്ലെന്നുമായിരുന്നു അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ഡോക്ടറെ മര്‍ദിച്ച സംഭവത്തിന്റെ പേരില്‍ ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് ബാധിതന് ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ ഇക്കഴിഞ്ഞ മെയ് 14നാണ് സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവിന്റെ ജീവന് രക്ഷിക്കാനായിരുന്നില്ല. പിന്നീട് മരണം നടന്ന് തൊട്ടടുത്ത ദിവസം അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: