ആര്‍പ്പൂക്കര: പോലീസ് വാഹനം തല്ലിത്തകര്‍ത്ത് പോലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു. തൊടുപുഴ വെള്ളിയാമറ്റം വില്ലേജില്‍ കൂവക്കണ്ടം പൂമാല അമ്പലക്കവല ഭാഗത്ത് ചിറപ്പുറത്തു വീട്ടില്‍ സജീവ് (കുട്ടന് – 42) ആണ് പോലീസിന്റെ പിടിയിലായത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്കാന്‍ ചെയ്യാന്‍ പ്രതിയുമായി എത്തിയതായിരുന്നു പോലീസ് വാഹനം. പ്രതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷം വാഹനത്തിന് സമീപത്തേയ്ക്ക് എത്തിയ എസ്ഐ വിദ്യയോട് സജീവ് തന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണ്‍ തന്റെ കൈവശമില്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ ക്ഷുഭിതനായി വാഹനത്തിന് ബോണറ്റില്‍ കയറി മുന്‍വശത്തെ ചില്ല് അടിച്ചു പൊട്ടിച്ചു. തുടര്‍ന്ന് എസ്ഐ വിദ്യയെയും ആക്രമിച്ചു.
ചില്ല് പൊട്ടിച്ചതിലൂടെ ഏകദേശം 20000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാള്‍ അത്യാഹിത വിഭാഗത്തിനു സമീപത്തുകൂടി കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. രോഗികളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചിരുന്നു. ഇത് ആവശ്യപ്പെട്ടാണ് ഇയാള്‍ എസ്ഐ വിദ്യയെ ആക്രമിച്ചതും പോലീസ് വാഹനം തല്ലിത്തകര്‍ത്തതും.
ഗാന്ധിനഗര്‍ എസ്എച്ച്ഒ സുരേഷ് വി. നായര്‍, എസ്ഐമാരായ ഹരിദാസ്, അജയ് ഘോഷ്, സജിമോന്‍, എഎസ്ഐ പത്മകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: