ന്യൂയോര്‍ക്ക്:2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ മൂന്നു ഗവേഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന യുഎസ് ഇന്റലിജന്‍സ് വിവരം വോള്‍ സ്ട്രീറ്റ് ജേണല്‍ പത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച 74ാമത് ലോക ആരോഗ്യ അസംബ്ലി യോഗം തുടങ്ങിയത്. ഈ യോഗത്തില്‍ ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണ് കോവിഡ് ഉത്ഭവിച്ചതെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടനയെക്കൊണ്ട് കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനം ഉണ്ടായേക്കും. ലോകാരോഗ്യസംഘടനയുടെ തീരുമാനങ്ങള്‍ എടുക്കുന്ന സംഘടനയാണ് ലോക ആരോഗ്യ അസംബ്ലി. ലോകാരോഗ്യസംഘടനയില്‍ അംഗങ്ങളായ എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും.
കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും കമ്യൂണിസ്റ്റ് ചൈന തയാറാക്കിയ ജൈവായുധമാണെന്നും ഇത് മറ്റ് രാഷ്ട്രങ്ങള്‍ക്കെതിരെ ജൈവയുദ്ധത്തിന് ഉപയോഗിക്കാമെന്ന് ചൈനീസ് സേന ആലോചിച്ചിരുന്നതെന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ യുഎസ് ഇന്റലിജന്‍സ് നേരത്തെ പുറത്തുവിട്ടിരുന്നു. നേരത്തെ കോവിഡിന്റെ ഉത്ഭവത്തെപ്പറ്റി ചൈനയില്‍ പോയി അന്വേഷിച്ച ലോകാരോഗ്യസംഘടന അന്ന് കണ്ടെത്തിയത് ഇത് ഏതെങ്കിലും ലാബില്‍ നിന്നും പുറത്തുവന്ന വൈറസ് അല്ലെന്നായിരുന്നു. പകരം ഏതെങ്കിലും ജന്തുക്കളില്‍ നിന്നും മനുഷ്യനിലേക്കെത്തിയതാകാമെന്ന നിഗമനത്തിലാണ് ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഈ വാദം പൊളിയ്ക്കുന്നതാണ് പുതിയ യുഎസ് ഇന്റലിജന്‍സ് രേഖ.
ഏറ്റവും പുതിയതായി പുറത്തുവന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ മൂന്നു ഗവേഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ്. കൊവിഡിനെ ചൈന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുന്‍പാണ് ഗവേഷകര്‍ ചികിത്സ തേടിയത്. ചികിത്സ തേടിയ ഗവേഷകരുടെ പൂര്‍ണ വിവരങ്ങള്‍, സമയം എന്നിവയടക്കം വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഈ യുഎസ് ഇന്റലിജന്‍സ് രേഖ പുറത്തുവിട്ട വോള്‍ സ്ട്രീറ്റ് ജേണല്‍ എന്ന പത്രം വ്യക്തമാക്കി.
ഇതോടെ ലോക ആരോഗ്യ അസംബ്ലിയോഗത്തില്‍ കൊവിഡിന്റെ തുടക്കം എവിടെ നിന്നാണെന്ന ലോകാരോഗ്യസംഘടനയുടെ അടുത്ത ഘട്ടം അന്വേഷണത്തെക്കുറിച്ച് തീരുമാനമെടുത്തേക്കും. കൊവിഡിന്റെ ഉറവിടത്തെക്കുറിച്ചും രോഗത്തിന്റെ ആദ്യ കാലങ്ങളെക്കുറിച്ചും ബൈഡന് ഭരണകൂടത്തിന് ഗൗവമേറിയ സംശയങ്ങളുണ്ടെന്നു യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിക്കഴിഞ്ഞു. ആരുടെയും ഇടപെടലോ രാഷ്ട്രീയ താത്പര്യങ്ങളോ ഇല്ലാത്ത വിദഗ്ധ അന്വേഷണത്തിന് ലോകാരോഗ്യസംഘടനയോട് ലോക ആരോഗ്യ അസംബ്ലി ആവശ്യപ്പെടുമെന്ന് കരുതുന്നു. എങ്കില്‍ അത് ചൈനയ്ക്ക് തിരിച്ചടിയാകും.
ഡബ്ല്യുഎച്ച്ഒയുടെ പത്തംഗ സംഘം കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ ആദ്യ ഘട്ടം പഠനത്തില്‍ വുഹാന്‍ ലാബില്‍ നിന്നല്ല രോഗം പടര്‍ന്നതെന്നാണു പറയുന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ്, നോര്‍വെ, ക്യാനഡ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ ചൈന കുറേക്കൂടി സുതാര്യത പുലര്‍ത്തണമെന്നു യുഎസ് ആവശ്യപ്പെട്ടെങ്കിലും ചൈന ഇതിനോടു പ്രതികരിച്ചിട്ടില്ല. വുഹാന്‍ ലാബില്‍ നിന്നു ഗവേഷകരിലേക്കും തുടര്‍ന്നു മനുഷ്യരാശിയിലേക്കും പടരുകയായിരുന്നു വൈറസ് എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. എന്നാല്‍, യുഎസ് അനാവശ്യമായി ആരോപണമുന്നയിക്കുകയാണെന്നാണു ചൈനയുടെ വാദം. എന്തായാലും രോഗം പൊട്ടിപുറപ്പെട്ട കാലത്തെ മനുഷ്യരെയും മൃഗങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ സമഗ്രമായി ചൈന ലഭ്യമാക്കണമെന്നാണ് പല രാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക ആരോഗ്യ അസംബ്ലിയോഗം ഒമ്പത് ദിവസം നീളുന്ന വെര്‍ച്വല്‍ സമ്മേളനമായാണ് നടക്കുക. തിങ്കളാഴ്ച തുടങ്ങിയ യോഗം ജൂണ്‍ 1ന് അവസാനിക്കും. കോവിഡ് ആദ്യഘട്ടവുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ 40 മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. 16 കോടി ജനങ്ങളാണ് ഇപ്പോള്‍ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: