പള്ളുരുത്തി: കുമ്പളങ്ങിയില്‍ പോലീസിന് മാനക്കേടുണ്ടക്കി പ്രദേശത്ത് മോഷണസംഘം വിലസുന്നു. പട്ടാപ്പകല്‍ വഴിയില്‍ മാലപൊട്ടിച്ച് കടന്നുകളയുന്ന സംഘത്തെക്കൊണ്ട് പോലീസിന് പൊറുതിമുട്ടി. ഒടുവില്‍ മോഷ്ടാക്കളെ കുടുക്കാനും കേസിന് തുമ്പുണ്ടാക്കാനുമുള്ള ഒരുക്കത്തിലാണ് പോലീസ്. കഴിഞ്ഞ ഒരാഴ്ചയായി മൂന്ന് പേരുടെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വച്ച് പോലീസ് ഔട്ട്പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം മുന്‍ പഞ്ചായത്തംഗം എന്‍.പി. രത്തന്റെ ഭാര്യയുടെ നാലര പവന്റെ മാല പൊട്ടിച്ച് കവര്‍ച്ചാ സംഘം കടന്നുകളഞ്ഞിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറിന് ഫിലോമിന എന്ന വീട്ടമ്മയുടെമാല പഞ്ചായത്തിനു സമീപം വെച്ച് പൊട്ടിച്ചെടുത്ത സംഭവവുമുണ്ടായി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു കവര്‍ച്ച കൂടി നടന്നതോടെ പോലീസിന് മാനക്കേടായി. ഇപ്പോള്‍ മട്ടാഞ്ചേരി അസി കമ്മിഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളങ്ങിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ജില്ലക്ക് പുറത്തുള്ള പ്രൊഫഷണല്‍ കുറ്റവാളി സംഘവും മാല പൊട്ടിക്കല്‍ സംഘത്തിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കുമ്പളങ്ങിയുടെ പല ഭാഗങ്ങളിലായി 15 മഫ്തി പൊലീസിനെ നിയോഗിച്ചു. കൂടാതെ, 20 പേരടങ്ങുന്ന പൊലീസുകാരുടെ സംഘം 4 വണ്ടികളിലായി പട്രോളിങ്ങും പഞ്ചായത്ത് അതിര്‍ത്തികളില്‍ പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട് . കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിലെ സന്നദ്ധ സംഘടനയില്‍പ്പെട്ട യുവാക്കളും പോലീസിന് വേണ്ട സഹായം നല്‍കുന്നുണ്ട്. പള്ളുരുത്തി ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന് പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. അതേസമയം, കുമ്പളങ്ങി കമ്പര്‍ഷന്‍ മുക്കിനു സമീപത്തു വച്ച് ഇന്നലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേരെ മാലമോഷ്ടാക്കളാണെന്നു തെറ്റിദ്ധരിച്ചു പ്രദേശവാസിയായ യുവതി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
മാലപൊട്ടിക്കാന്‍ മോഷ്ടിച്ച വണ്ടികള്‍
ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് മാലപൊട്ടിക്കലിനും പ്രതികള്‍ ഉപയോഗിച്ചത് നഗരത്തില്‍ നിന്ന് മോഷ്ടിച്ച സ്കൂട്ടറുകള്. ഒരു സ്കൂട്ടര്‍ കാക്കനാട് നിന്ന് 15ന് മോഷ്ടിച്ചതാകാമെന്ന് പോലീസ് പറയുന്നു. മറ്റൊരു സ്കൂട്ടര്‍ കടവന്ത്ര ഭാഗത്തുനിന്ന് കുറച്ചു നാള് മുന്‍പ് മോഷണം പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: