കണ്ണൂരിലെ മന്‍സൂര്‍ വധക്കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ദുരൂഹത അനുദിനം വര്‍ധിക്കുകയാണ്. ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ കരുതിക്കൂട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതി തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതും, പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചത് കണ്ടെത്തിയതുമാണ് ആത്മഹത്യയല്ലെന്ന സംശയമുയരാന്‍ കാരണമായത്. പാനൂരിലെ മുസ്ലിംലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കേസില്‍ പിടിയിലായിട്ടുള്ളവരെല്ലാം സിപിഎമ്മുകാരാണ്. ഇനിയും ചിലര്‍ പിടിയിലാവാനുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഒരു പ്രാദേശിക നേതാവ് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന ആരോപണം ശക്തമാണ്. കൊല നടത്തിയവര്‍ ഒളവില്‍ കഴിയുന്നതിനിടെ ഈ നേതാവിനെച്ചൊല്ലി തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായെന്നും, ഇതില്‍ മര്‍ദ്ദനമേറ്റ് ബോധരഹിതനായ ഒരു പ്രതിയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നുമാണ് അറിയുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത നേതാവിന്റെ പേരും, പാര്‍ട്ടിയുടെ പങ്കും പുറത്തുവരാതിരിക്കാനാണ് കൂട്ടാളികള്‍ ഈ കടുംകൈ ചെയ്തതെന്ന നിഗമനത്തിലാണ് ഒരാള്‍ക്ക് എത്തിച്ചേരാനാകുക.
പ്രതികള്‍ എല്ലാവരും പിടിയിലായിട്ടില്ലെങ്കിലും മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സിപിഎമ്മാണ്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നടത്തിയിട്ടുള്ള രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതികളായിട്ടുള്ള ചിലരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യകളായി ചിത്രീകരിക്കപ്പെട്ട ഈ സംഭവങ്ങള്‍ പാര്‍ട്ടിതന്നെ നടത്തിയ കൊലപാതകങ്ങളാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. തങ്ങള്‍ പ്രതികളായ കേസുകളിലെ യഥാര്‍ത്ഥ വിവരങ്ങള്‍ കുറ്റബോധം കൊണ്ടും മറ്റും വെളിപ്പെടുത്താനാനൊരുങ്ങിയവരെ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരംതന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളിലൊരാളെ പിന്നീട് റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചില രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ച തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഈ പ്രതിയുടെ അമ്മതന്നെ പറയുകയുണ്ടായി. പാര്‍ട്ടിയുടെ ചാവേറുകളായി കൊലക്കേസുകളില്‍ പ്രതികളായ ഇത്തരം പത്തോളം പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കൊലപാതക രാഷ്ട്രീയവും സിപിഎമ്മും ഇരട്ടക്കുട്ടികളെപ്പോലെയാണ്. വേര്‍പെടുത്താനാവില്ല. സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍പ്പെടുത്താവുന്നവയല്ല. ഏതെങ്കിലും കാരണങ്ങളാല്‍ ഒരു രാഷ്ട്രീയ സംഘര്‍ഷമുണ്ടാവുകയും, അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്യുന്ന രീതിയല്ല. ഒരാളെ കൊലചെയ്യണമെന്ന് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ച് നടപ്പാക്കുകയാണ്. കെ.ടി. ജയകൃഷ്ണന് മാസ്റ്ററെയും ടി.പി. ചന്ദ്രശേഖരനെയും ഇങ്ങനെ ഉന്മൂലനം ചെയ്തതാണ്. ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ വൈദഗ്ധ്യമുള്ളവര്‍ നേതാക്കളായി വളര്‍ന്നുവരുന്നു. മറ്റുള്ളവര്‍ അവര്‍ക്ക് കീഴ്പ്പെടുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി. ജയരാജനുമൊക്കെ ഈ ജനുസ്സില്‍പ്പെട്ടവരാണ്. കൊലപാതക പരമ്പരകള്‍ നടത്തി അവയെ ന്യായീകരിച്ചിട്ട്, തങ്ങള്‍ ആശയസമരത്തില്‍ വിശ്വസിക്കുന്നവരാണെന്നും, എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നവരല്ലെന്ന് യാതൊരു ലജ്ജയുമില്ലാതെ വാദിക്കുകയും ചെയ്യും. സംഘടിതവും ആസൂത്രിതവുമായ ഈ നുണപ്രചാരണത്തില്‍ സത്യം കുഴിച്ചുമൂടപ്പെടുന്നു. സമൂഹത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കേണ്ട സാംസ്കാരിക നായകന്മാര് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യും. ഈ പൈശാചികതയ്ക്ക് അന്ത്യം വരുത്തണം. അതിന് സംഘടിതമായ ചെറുത്തുനില്‍പ്പും നിയമപ്പോരാട്ടങ്ങളും നടത്തണം. കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും മാതൃകാപരമായി ശിക്ഷിക്കപ്പെടാതെ ഇത് സാധ്യമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: