ന്യൂദല്‍ഹി: രാജ്യത്ത് എയര്‍ കണ്ടീഷണറുകളും എല്‍ഇഡി ബള്‍ബുകളും നിര്‍മിക്കുന്നതിനായി 6,238 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനമാണിത്. കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ഉല്‍പ്പാദനബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതി വഴി പ്രഖ്യാപിച്ച സഹായത്തിലൂടെ ഇന്ത്യയിലെ എസി, എല്‍ഇഡി നിര്‍മാണ മേഖലയില്‍ 1.68 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനവും 64,400 കോടി രൂപയുടെ കയറ്റുമതിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി നേരിട്ടും അല്ലാതെയുമായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് നാലു ലക്ഷം പേര്‍ക്ക് തൊഴിലും ലഭ്യമാകും. ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് പദ്ധതി വഴി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് പീയൂഷ് ഗോയല്‍ അറിയിച്ചു.
പ്രാദേശിക വ്യവസായത്തെയും തൊഴില്‍ ലഭ്യതയെയും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതി രാജ്യത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലായി മാറും. ആഭ്യന്തര ഉല്‍പ്പാദന മേഖലയ്ക്ക് പ്രോത്സാഹനം നല്കി പ്രാദേശിക വ്യവസായങ്ങള്‍ക്ക് ഊര്‍ജമേകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം വഴിവയ്ക്കും.
കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞ ആഴ്ച ഭക്ഷ്യ നിര്‍മാണ പദ്ധതികള്‍ക്കായി 10,900 കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് 15,000 കോടി രൂപ, കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും നിര്‍മിക്കാന്‍ 7,350 കോടി രൂപ എന്നിവയും അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓട്ടോമൊബൈല്‍സ്, ടെക്സ്റ്റൈല്‍സ്, ഐടി ഹാര്‍ഡ് വെയര്‍, കെമിക്കല്‍ മേഖലകളില്‍ മാത്രം 13 പിഎല്‍ഐ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: