കൊല്ലം: രോഗം വന്നാല്‍ മാത്രമല്ല, നല്ല മീന്‍ കൂട്ടണമെന്നു തോന്നിയാലും ഈ ഡോക്ടറെ വിളിക്കാം. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഓഡിയോളജിസ്റ്റും സൈക്കോളജിസ്റ്റുമായ കൂട്ടിക്കട ആക്കോലില്‍ കൃഷ്ണശ്രീയില്‍ ഡോ. ദേവിചന്ദ് (33) ആണ് ഇപ്പോള്‍ താരം. മീന്‍കൃഷിയുടെ പള്‍സറിഞ്ഞ് ഇറങ്ങിയപ്പോള്‍ തിലാപ്പിയ കൃഷിയില്‍ നൂറുമേനി നേടി ഈ വനിതാഡോക്ടര്‍.
ലോക്ഡൗണില്‍ മീന്‍കിട്ടാതെ വലഞ്ഞ നാളുകളിലാണ് ഡോ. ദേവിചന്ദിന്റെ മനസ്സില്‍ മത്സ്യക്കൃഷി എന്ന ആശയം ഉടലെടുത്തത്. ജൈവരീതിയില്‍ പച്ചക്കറികള്‍ യഥേഷ്ടം ഉല്‍പ്പാദിപ്പിച്ചിരുന്നു. മത്സ്യക്കൃഷി വഴങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മുന്നിട്ടിറങ്ങി.
വീട്ടുപുരയിടത്തിലെ 25 സെന്റിലാണ് കൃഷി. 35,000 ലിറ്റര്‍ കൊള്ളുന്ന മൂന്ന് ടാങ്ക് നിര്‍മിച്ച് 8000 വിത്തുകള്‍ നിക്ഷേപിച്ചു. ഇതില്‍ 7500 വിളവെടുപ്പിന് പാകമായി. 340 മുതല്‍ 400 ഗ്രാം വരെ വളര്‍ച്ച നേടിയ മത്സ്യങ്ങളുടെ വിളവെടുപ്പിന് എം നൗഷാദ് എംഎല്‍എയെത്തി. മൊത്തവില്‍പ്പന കിലോയ്ക്ക് 260നും വീട്ടാവശ്യക്കാര്ക്ക് 350രൂപയ്ക്കുമാണ് നല്‍കുന്നത്. കുറഞ്ഞ അളവില്‍ വെള്ളം ഉപയോഗിച്ചുള്ള നൂതന കൃഷിരീതിയില്‍ പച്ചക്കറി കൃഷിയും അനുബന്ധമായി ചെയ്യുന്നു. 100 ക്യൂബിക് മീറ്റര്‍ സ്ഥലത്തെ കൃഷിക്ക് ഏഴര ലക്ഷം രൂപയാണ് ചെലവ്. 40 ശതമാനം സര്‍ക്കാര്‍ സബ്സിഡിയാണെന്നും ഡോക്ടര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: