കാസര്‍കോട്: വന്യജീവികളുടെ രൂക്ഷമായ ശല്യം മൂലം വീടും കൃഷിയിടവും വിട്ടൊഴിഞ്ഞ് വനംവകുപ്പിന് കൈമാറാന്‍ ജില്ലയില്‍ ഇതിനകം 59 കുടുംബങ്ങള്‍ സന്നദ്ധത അറിയിച്ചതായി വനംമന്ത്രി കെ. രാജു കെ. കുഞ്ഞിരാമന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ അപേക്ഷകള്‍ പരിഗണിക്കാനാണ് തീരുമാനം.
ഈ അപേക്ഷകള്‍ പരിഗണിച്ച് വിലയിരുത്തുന്നതിന് വനംവകുപ്പ് ഡിവിഷന് തല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാര തുക നിര്‍ണയിക്കുക. ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബെള്ളൂര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, പനത്തടി, ബളാല്‍ പഞ്ചായത്തുകളിലാണ് വന്യജീവിശല്യം മൂലം കര്‍ഷകര്‍ വീടും കൃഷിസ്ഥലവും ഉപേക്ഷിച്ചുപോകേണ്ട സ്ഥിതിയിലായിരിക്കുന്നതെന്ന് സബ്മിഷന് അവതരിപ്പിച്ചുകൊണ്ട് കെ. കുഞ്ഞിരാമന് എംഎല്‍എ പറഞ്ഞു. കാസര്‍കോട് വനം ഡിവിഷനില്‍ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മാത്രം ഈ സാമ്പത്തികവര്‍ഷം 54.82 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജു അറിയിച്ചു.
ഇവിടെ 17 കിലോമീറ്റര്‍ ദൂരം പുതുതായി സോളാര്‍ കമ്പിവേലി നിര്‍മിക്കുന്നതിനും 12 കിലോമീറ്റര്‍ വേലി അറ്റകുറ്റപ്പണി നടത്തുന്നതിനും നടപടിയായിട്ടുണ്ട്. വെള്ളരിക്കയം മുതല്‍ ബെള്ളിപ്പാടി വരെ നാലു കിലോമീറ്റര്‍ ആനപ്രതിരോധ കിടങ്ങ് നിര്‍മിക്കാന്‍ 29.5 ലക്ഷം രൂപയുടെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: