ന്യൂദല്‍ഹി: കാര്‍ഷിക പരിഷ്കരണങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നിയമത്തിനെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഏഴുതിയ കത്തിന്റെ മലയാളം പരിഭാഷ ട്വീറ്റ് ചെയ്തുകൊണ്ടാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്തുവന്നത്. എല്ലാ അന്നദാതാക്കളും ഇത് വായിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന . ഇത് പരമാവധി ജനങ്ങളില്‍ എത്തിക്കണമെന്ന് നാട്ടുകാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി മലയാളത്തില്‍ കുറിച്ചു.
കേന്ദ്ര കൃഷിമന്ത്രി കര്‍ഷകര്‍ക്ക് എഴുതിയ കത്തിന്റെ മലയാളം പരിഭാഷ
കര്‍ഷക സഹോദരീ സഹോദരന്മാര്ക്ക് ഒരു കത്ത്
പ്രിയപ്പെട്ട കര്‍ഷക സഹോദരീ സഹോദരന്മാരെ,
ചരിത്രപരമായ കാര്‍ഷിക പരിഷ്കരണങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാന്‍ നിങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആണ്.വിവിധ സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷക സംഘടനകളുമായി ഞാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ച നടത്തി വരുന്നുണ്ട്. പല കര്‍ഷക സംഘടനകളും ഈ കാര്‍ഷിക പരിഷ്കരണ നിയമങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയും അവ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ ഒരു പുതിയ പ്രതീക്ഷ ഉണര്‍ന്നിരിക്കുന്നു.
ഈ പുതിയ കര്‍ഷക നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മുന്‍നിരയിലേക്ക് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.എന്നാല്‍ ഈ കര്‍ഷക പരിഷ്കരണങ്ങളുടെ മറ്റൊരു വശം എന്തെന്നാല്‍, ഈ നിയമങ്ങളെപ്പറ്റി ചില കര്‍ഷക സംഘടനകള്‍ ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നു എന്നതാണ്. രാജ്യത്തെ കൃഷി മന്ത്രി എന്ന നിലയില്‍ ഓരോ കര്‍ഷകന്റെയും മനസ്സില്‍ നിന്നും ആശങ്കയും ഉത്കണ്ഠയും അകറ്റുക എന്നത് എന്റെ ചുമതലയാണ്. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ഗവണ്മെന്റിനും കര്‍ഷകര്‍ക്കും എതിരെ നടക്കുന്ന ഗൂഢാലോചനയുടെ യഥാര്‍ത്ഥ സത്യവും, നിലയും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. കൃഷിയുടെ ഓരോ ചെറിയ ബുദ്ധിമുട്ടും വെല്ലുവിളിയും മനസിലാക്കിയാണ് ഞാന്‍ വളര്‍ന്നത്. പാടം നനക്കാനായി വളരെ നേരത്തെ എഴുന്നേല്ക്കുന്നതും, തുടര്‍ച്ചയായ നീരൊഴുക്ക് ഉണ്ടാകുമ്പോള്‍ മട പൊട്ടുന്നത് തടയാന്‍ ജലവിതരണം നിര്‍ത്താനായി ഓടുന്നതും, കാലംതെറ്റി ഉണ്ടാകുന്ന മഴയുടെ ഭീതിയും, യഥാസമയം മഴ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവുമെല്ലാം എന്റെയും ജീവിതത്തിന്റെ ഭാഗമായിരുന്നു.വിളവെടുപ്പ് കഴിഞ്ഞാല്‍ അവ വില്‍ക്കാനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നതിനും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഈ സാഹചര്യങ്ങളിലും അവസ്ഥകളിലും പോലും നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിനായി ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. കൊറോണ മഹാമാരി കാലത്ത് നമ്മുടെ കര്‍ഷകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും നാം കണ്ടതാണ്. കൂടുതല്‍ വിള കളിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ വേഗത്തിലാക്കാന്‍ കര്‍ഷകര്‍ സഹായിച്ചിട്ടുണ്ട്. അതേസമയം, വിതയ്ക്കുന്നതിലും റെക്കോര്‍ഡ് സൃഷ്ടിച്ച് ഭാവിയില്‍ മികച്ച വിള ഉറപ്പാക്കിയിട്ടുമുണ്ട്.
പുതിയ കര്‍ഷക നിയമം പ്രാബല്യത്തിലായതിനുശേഷം താങ്ങുവില നല്‍കിയുള്ള സംഭരണത്തില്‍ മുന്‍ ഗവണ്മെന്റുകളുടെ റെക്കോര്‍ഡ് തകര്‍ക്കാനായി എന്നത് കൃഷിമന്ത്രി എന്ന നിലയില്‍ എനിക്ക് സംതൃപ്തി നല്കുന്നു.താങ്ങുവിലയില്‍, ഗവണ്മെന്റ് പുതിയ സംഭരണ റെക്കോര്‍ഡ് സൃഷ്ടിക്കുകയും കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്യുന്ന അവസരത്തില്‍ തന്നെ, താങ്ങുവില ഇല്ലാതാക്കുമെന്ന് ചില ആള്ക്കാര് കര്‍ഷകരോട് നുണ പറയുകയാണ്.
രാഷ്ട്രീയ താല്പര്യത്തോടെ ചില ആള്ക്കാര് പ്രചരിപ്പിക്കുന്ന ഈ നുണയെ തിരിച്ചറിഞ്ഞ് അപ്പാടെ തള്ളിക്കളയാന്‍ ഞാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. താങ്ങുവില കര്‍ഷകരുടെ ചെലവിന്റെ ഒന്നര മടങ്ങ് ആക്കിയ ഗവണ്മെന്റ്, കഴിഞ്ഞ ആറു വര്‍ഷമായി എം എസ് പി ഇനത്തില്‍ ഇരട്ടിയോളം തുക കര്‍ഷകരുടെ ബാങ്ക് അക്കൗന്റില് നിക്ഷേപിച്ച ഗവണ്മെന്റ്, ഒരിക്കലും താങ്ങുവില ഒഴിവാക്കില്ല. താങ്ങുവില സമ്പ്രദായം തുടരുകതന്നെ ചെയ്യും.
മിഥ്യ
1. താങ്ങുവില സമ്പ്രദായം അവസാനിക്കാന്‍ പോകുന്നു.എ പി എം സി മണ്ഡികള്‍ അടയ്ക്കുന്നു.
2. കര്‍ഷകരുടെ ഭൂമി ഭീഷണിയിലാണ്.
3. കര്‍ഷകരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ കുടിശ്ശിക ഉണ്ടായാല്‍ കരാറുകാര്‍ക്ക് ഭൂമി ഏറ്റെടുക്കാം.
4. കരാര്‍ കൃഷിയില്‍ കര്‍ഷകരുടെ വിലയ്ക്ക് ഒരു ഉറപ്പും ഉണ്ടാകില്ല.
5. കര്‍ഷകര്‍ക്ക് പണം ലഭിക്കില്ല.
6. കരാര്‍ കൃഷിക്കുള്ള ശ്രമങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ല.
7. ഈ നിയമങ്ങളെപ്പറ്റി ചര്‍ച്ചയോ സംവാദമോ നടന്നിട്ടില്ല
വസ്തുത
1. താങ്ങുവില ഇപ്പോഴും തുടരുന്നു. ഇനിയും തുടരും, നിലനില്ക്കും.
2. എ പി എം സി മണ്ഡികള്‍ തുടരും. ഈ നിയമത്തിന് പരിധിക്ക് പുറത്താണ് എപിഎംസി മണ്ഡികള്‍
3. കരാര്‍, വിളകള്‍ക്ക് വേണ്ടിയാണ് ഭൂമിക്കുവേണ്ടി അല്ല. ഭൂമിയുടെ വില്‍പ്പന, കൈമാറ്റം, പണയം, ജാമ്യം എന്നിവ ഉണ്ടാകില്ല.
4. ഏത് സാഹചര്യത്തിലും കര്‍ഷകരുടെ ഭൂമി പൂര്‍ണമായും സുരക്ഷിതമായിരിക്കും.
5. വിള സംഭരണത്തിന്റെ തുക കരാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും
6. നിശ്ചിതസമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം നല്‍കും.അല്ലാത്തപക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരികയും കര്‍ഷകര്‍ക്ക് പിഴ നല്‍കേണ്ടിയും വരും
7. നിരവധി സംസ്ഥാനങ്ങള്‍ കരാര്‍ കൃഷി അംഗീകരിച്ചിട്ടുണ്ട്. കരാര്‍ കൃഷി സംബന്ധിച്ച ചില സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ പോലും ഉണ്ട്.
8. രണ്ട് ദശാബ്ദങ്ങളായി ഇതേ പറ്റി ചര്‍ച്ച നടക്കുന്നു.
9. 2000 ല്‍ ശങ്കര്‍ ലാല്‍ ഗുരു കമ്മിറ്റിയിലാണ് ചര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് 2003ലെ മാതൃക എ പി എം സി ചട്ടം, 2007 എ പി എം സി നിയമം,2010 ലെ ഹരിയാന, പഞ്ചാബ്, ബിഹാര്‍,പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ കമ്മിറ്റി,
2017ലെ എപി എം എല്‍ മാതൃക നിയമം, 2020 ലെ നിയമം.
കര്‍ഷകരെ, സഹോദരി സഹോദരന്മാരെ..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ പ്രതിബദ്ധതകളില്‍ ഒന്നാണ് കര്‍ഷകക്ഷേമം. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സമൃദ്ധി കൊണ്ടുവരുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് തുടര്‍ച്ചയായി തീരുമാനം എടുക്കുന്നു. കര്‍ഷകരെ ശാക്തീകരിക്കുന്നതിന്, വിത്തു മുതല്‍ വിപണി വരെ കഴിഞ്ഞ ആറുവര്‍ഷമായി കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും ഗവണ്മെന്റ് ഓരോ തീരുമാനവും എടുക്കുന്നു.
നമ്മുടെ രാജ്യത്തെ 80 ശതമാനം ചെറുകിട കര്‍ഷകര്‍ക്കും ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി മാത്രമേയുള്ളൂ എന്ന് നിങ്ങള്‍ക്കറിയാം. സ്വാതന്ത്ര്യം മുതല്‍ കര്‍ഷകര്‍ അവര്‍ക്ക് മാത്രമായി ഭക്ഷണത്തിനായി കൃഷി ചെയ്യുന്നു. ഇവര്‍ക്ക് ഗവണ്മെന്റിന്റെ ഈ നടപടികളിലൂടെ പ്രയോജനം ലഭിക്കും. പ്രതിസന്ധി സമയത്ത്, കര്‍ഷകര്‍ വായ്പ എടുക്കാന്‍ നിര്ബന്ധിതരാവാതിരിക്കുക എന്നതാണ്, പി എം കിസാന്‍ സമ്മാന്‍ നിധി യിലൂടെ പ്രതിവര്‍ഷം 6000 രൂപ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലുള്ള ഉദ്ദേശം.വിള ഇന്‍ഷുറന്‍സ് പ്രകൃതിദുരന്തം വഴിയുണ്ടാകുന്ന വിളനഷ്ടം പരിഹരിക്കുന്നു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയുടെ ഗുണമേന്മ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. അതേസമയം മറുവശത്ത്, വളത്തിന്റെ കരിഞ്ചന്ത ഒഴിവാക്കാന്‍ വേപ്പ് പൊതിഞ്ഞ യൂറിയയിലൂടെ സാധിക്കുന്നു. അന്നദാതാവ് ഊര്‍ജ ദാതാവും ആകണം എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. സംഭരണശാലകള്‍, ശീതീകരണ സംഭരണികള്‍, സംസ്കരണ യൂണിറ്റുകള്‍ എന്നിവ ഗ്രാമങ്ങള്‍ക്ക് പുറത്ത് വലിയ നഗരങ്ങളില്‍ ആണ് ഉള്ളത് എന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഒരു പ്രശ്നം. തല്‍ഫലമായി ഈ സംവിധാനങ്ങളുടെ പൂര്‍ണ്ണ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.ഇത് മറികടക്കാന്‍ കര്‍ഷക അടിസ്ഥാനസൗകര്യ ഫണ്ട് രൂപത്തില്‍ ഒരു ലക്ഷം കോടി രൂപ വകയിരുത്തി.ഈ പരിശ്രമങ്ങള്‍ക്ക് ഇടയിലും കര്‍ഷകര്‍ വിയര്‍പ്പും രക്തവും കണ്ണീരും ഒഴുക്കി ഉത്പാദിപ്പിക്കുന്ന വിളവ് വളരെ കുറഞ്ഞ വിലയ്ക്ക് ചില ആള്ക്കാര് വാങ്ങുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് വില നിശ്ചയിക്കുന്നതിനോ, അവര്‍ ആഗ്രഹിക്കുന്ന ഇടത്ത് വില്‍ക്കാനോ കഴിയുമായിരുന്നില്ല.
എല്ലാവര്ക്കും കര്‍ഷകരുടെ ഈ നിര്‍ബന്ധിതാവസ്ഥ അറിയാമായിരുന്നു. മുന്‍ ഗവണ്മെന്റ്കളും കര്‍ഷകരുടെ മണ്ഡികള്‍ക്കു വെളിയില്‍ മറ്റു ചന്തകളും തുറക്കാന്‍ നിര്‍ദേശിച്ചിരുന്നു. രണ്ടായിരത്തി ഒന്നില്‍ അടല്‍ജി ഗവണ്മെന്റിന്റെ കാലത്താണ് ഈ ചര്‍ച്ചകള്‍ ആരംഭിച്ചത്. അടല്‍ജിക്ക് ശേഷം 10 വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഈ കര്‍ഷക പരിഷ്കരണങ്ങളെ പിന്തുണച്ചിരുന്നു. അവരുടെ പ്രകടനപത്രികയില്‍ ഈ പരിഷ്കരണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കര്‍ഷകരെ പിടിച്ചു കെട്ടിയിരുന്ന പഴയ നിയമങ്ങളെ ആരും അംഗീകരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ 20 25 വര്‍ഷങ്ങളില്‍ ഒരു കര്‍ഷക നേതാവില്‍ നിന്നോ, സംഘടനയില്‍ നിന്നോ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നതിനു മറ്റൊരു മാര്‍ഗ്ഗം വേണ്ടെന്നോ,മുന്‍പ് ഉണ്ടായിരുന്നതാണ് മികച്ചത് എന്ന് പറഞ്ഞോ ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ലെന്ന് ഈ കത്തിലൂടെ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് പ്രധാന കര്‍ഷക സംഘടനകള്‍ ഈ തലത്തിലുള്ള ചങ്ങലകളില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിനായി സമരം ചെയ്യുകയായിരുന്നു. ഈ പരിഷ്കരണങ്ങള്‍ ഇല്ലാതെ നമ്മുടെ രാജ്യത്തെ കര്‍ഷകരുടെ ജീവിതം മാറില്ലെന്ന് കര്‍ഷക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2014 ല്‍ എന്‍ ഡി എ ഗവണ്മെന്റ് രൂപീകരിച്ചതോടെ ഈ പരിഷ്കരണങ്ങളെ പറ്റി ചര്‍ച്ച പുതുതായി തുടങ്ങി. മാതൃകാ നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തു. മുഖ്യമന്ത്രിമാരുടെ കമ്മിറ്റികളില്‍ ചര്‍ച്ചകള്‍ നടന്നു. കഴിഞ്ഞ ആറ് മാസങ്ങളായി ഈ വിഷയത്തില്‍ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരോട് സംസാരിച്ചിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങളുടെ സാധ്യതകളെപ്പറ്റി 1.5 ലക്ഷത്തോളം പരിശീലനങ്ങളും വെബിനാര്‍ പരമ്പരകളും സംഘടിപ്പിച്ചിട്ടുണ്ട്. അതിനെല്ലാം ശേഷമാണ് ഈ പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തിലായത്.
കര്‍ഷക സഹോദരി സഹോദരന്മാരെ, മണ്ഡികള്‍ ഇപ്പോഴും തുടരുന്നുണ്ട്, ഭാവിയില്‍ തുടരുകയും ചെയ്യും. എ പി എം സി കള്‍ ഇനിയും ശക്തിപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയ്ക്ക് വില്‍ക്കാനാകും. പാടത്തില്‍ നിന്നും മണ്ഡികളിലേക്കു ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നതിന് വേണ്ടി വരുന്ന ചെലവ് ഒഴിവാക്കാനും ആകും. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷങ്ങളായി കാര്‍ഷിക മണ്ഡികള്‍ നവീകരിക്കുന്നതിന് ഗവണ്മെന്റ് നിരവധി കോടികള്‍ ചെലവഴിച്ചു. വരുംകാലങ്ങളില്‍ ഇത് കൂടുതല്‍ നവീകരിക്കപ്പെടും.
രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടുന്നവര്‍ കര്‍ഷകരുടെ കൃഷിഭൂമി നഷ്ടപ്പെടുമെന്ന് നുണപ്രചരണം നടത്തുന്നു. കര്‍ഷകരും വില്‍പ്പനക്കാരും തമ്മില്‍ വിളയെ പറ്റി മാത്രം കരാര്‍ ഉണ്ടാക്കുമ്പോള്‍ എങ്ങനെയാണ് കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടുന്നത്? കര്‍ഷകരുടെ ഭൂമി അവര്‍ക്ക് തന്നെയായിരിക്കും എന്ന് ഈ പുതിയ നിയമം വ്യക്തമാക്കുന്നു. ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഓരോ കുടുംബത്തിനും സ്വാമിത്വ പദ്ധതിവഴി ഉടമസ്ഥാവകാശം നല്കുന്ന ഗവണ്മെന്റ് കര്‍ഷകരുടെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. ഉദ്ദേശവും നയവും കൊണ്ട് നമ്മുടെ ഗവണ്മെന്റ് കര്‍ഷകരോട് പ്രതിജ്ഞാബദ്ധമാണ്.
സഹോദരി സഹോദരന്മാരെ,
താങ്ങുവില, മണ്ഡികള്‍, ഭൂമിക്കായി ഉള്ള അവകാശം എന്നിവ സംബന്ധിച്ച് കര്‍ഷകരുടെ സംശയങ്ങളും ആശങ്കകളും അകറ്റാന്‍ ഗവണ്മെന്റ് നിരന്തരം പരിശ്രമിച്ച് വരികയാണ്. രാജ്യത്തെ കര്‍ഷകരുമായും കര്‍ഷക സംഘടനകളും ആയി ഞങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ സര്‍വ്വതാ സന്നദ്ധരാണ്.
എന്നാല്‍ കര്‍ഷകര്‍ക്കുവേണ്ടി എന്ന പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ നാം തിരിച്ചറിയേണ്ടതും അത്യന്താപേക്ഷിതമാണ്. നിഷ്പക്ഷര്‍ എന്നും ബുദ്ധിജീവികള്‍ എന്നും സ്വയം അവകാശപ്പെടുന്ന ചിലര്‍ തങ്ങളുടെ തന്നെ നിലപാടുകള്‍ക്കും പ്രസ്താവനകള്‍ക്കും എതിരെ സംസാരിക്കുന്നത് കാണേണ്ടിവരുന്നത് രാജ്യത്തിനുതന്നെ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ജനങ്ങളില്‍ നിന്നും ഒന്നും മറച്ചുവെക്കാന്‍ ആവില്ല എന്നതാണ് വസ്തുത. ഇത്തരക്കാരുടെ പഴയ പ്രസ്താവനകള്‍ തിരിച്ചറിഞ്ഞും, ഒപ്പം തന്നെ അവരുടെ യഥാര്‍ത്ഥ മുഖവും ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഭരണകൂടത്തെ മുറിവേല്‍പ്പിക്കാമെന്നു ഇത്തരക്കാര്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ലക്ഷ്യം കര്‍ഷകരായ നിങ്ങളും നമ്മുടെ യുവാക്കളുമാണ്! കേവലം രാഷ്ട്രീയ താല്പര്യങ്ങള്ക്കായി നമ്മുടെ നിഷ്കളങ്കരായ കര്‍ഷകരെ ഉപയോഗപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നു
സ്വാമിനാഥന് സമിതി റിപ്പോര്‍ട്ട് എട്ടു വര്‍ഷക്കാലമായി പൂഴ്ത്തി വച്ചിരുന്ന കോണ്‍ഗ്രസിന് എങ്ങനെ കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനാകും?മണ്ഡികള്‍ക്ക് പുറമേ തങ്ങളുടെ വിളകള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ വേണമെന്ന് തങ്ങളുടെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു എന്നതും മറന്നുകൂടാ. പുതിയ കാര്‍ഷികപരിഷ്കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം കത്തുകളെഴുതിയ കോണ്‍ഗ്രസ്സിന്റെ മുന്‍ കൃഷിമന്ത്രി തന്റെ നിലപാടില്‍ എങ്ങനെ ഇത്ര പെട്ടെന്ന് മാറ്റം വരുത്തി?
പഞ്ചാബിലെ തിരഞ്ഞെടുപ്പ് കാലയളവില്‍ തങ്ങളുടെ പ്രകടനപത്രികയില്‍ കൃഷിക്കാര്‍ക്ക് മണ്ഡികള്‍ക്ക് അപ്പുറം വിപണനസാധ്യത കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ആം ആദ്മി പാര്‍ട്ടിക്കും ഇപ്പോള്‍ എങ്ങനെ ഇതിനെതിരെ സംസാരിക്കാന്‍ ആവുന്നു?
കാര്‍ഷിക മേഖലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച ഹൂഡ കമ്മറ്റിയില്‍ അകാലിദള്ളിലെ മുതിര്‍ന്ന നേതാക്കളും അംഗങ്ങളായിരുന്നു എന്ന് മറന്നുകൂടാ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സംസാരിക്കാന്‍ അവര്‍ക്ക് എങ്ങനെ ഇപ്പോള്‍ സാധിക്കുന്നു?
പുതിയ കാര്‍ഷിക പരിഷ്കാരങ്ങളെ രണ്ട്മൂന്ന് മാസം മുമ്പ് വരെ പിന്തുണയ്ക്കുകയും അതിന്റെ പേരില്‍ ഭരണകൂടത്തെ അഭിനന്ദിക്കുകയും ചെയ്ത് കര്‍ഷക സംഘടനകള്‍ക്ക് എങ്ങനെ ഇത്ര പെട്ടെന്ന് പ്രതിഷേധിക്കാന്‍ ആകുന്നു?
എന്റെ പ്രിയപ്പെട്ട കര്‍ഷക സഹോദരി സഹോദരന്മാരെ,
വലിയ പ്രഖ്യാപനങ്ങളിലൂടെയും പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും തെരഞ്ഞെടുപ്പ് കാലയളവില്‍ വോട്ട് സമാഹരണത്തിനായി നമ്മുടെ രാജ്യത്ത് ദശാബ്ദങ്ങളായി ശ്രമങ്ങള്‍ നടന്ന് വരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലയളവില്‍ നല്കുന്ന പ്രഖ്യാപനങ്ങളും പ്രതിജ്ഞകളും പാലിക്കുന്ന ഒരു ഭരണകൂടത്തിന് ആണ് നമ്മുടെ രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ അവരുടെ ആശീര്‍വാദങ്ങളും ചൊരിയുകയാണ്. എന്നാല്‍ ഇത് കണ്ടു ആരോപണങ്ങളും കള്ളങ്ങളും കര്‍ഷകര്‍ക്കിടയില്‍ പറഞ്ഞുപരത്തി തങ്ങളുടെ നഷ്ടപ്പെട്ട രാഷ്ട്രീയ മികവ് വീണ്ടെടുക്കാം എന്നാണ് ചിലര്‍ കരുതുന്നത്.
നിലവിലെ ആശങ്കകള്‍ ദൂരീകരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രശ്നങ്ങളും പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് ദൂരീകരിക്കാന്‍ ഞങ്ങള്‍ തുടര്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്. എന്നാല്‍ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യം ഇടാത്ത ചിലരും ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടുണ്ട് എന്നതില്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കഴിഞ്ഞ ആറു വര്‍ഷക്കാലമായി ഒരേ വിഭാഗത്തില്‍പ്പെടുന്ന ഒരേ ആശയങ്ങള്‍ പിന്തുടരുന്ന ചിലര്‍ സമൂഹത്തില്‍ അസംതൃപ്തിയും പ്രശ്നങ്ങളും സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്താറുണ്ട് എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥികള്‍, ദളിത് സമൂഹം, വനിതകള്‍, ന്യൂനപക്ഷ വിഭാഗം എന്നിവരുടെ പിന്നില്‍ മറഞ്ഞുകൊണ്ടാണ് ഇവര്‍ പലപ്പോഴും തങ്ങളുടെ ശ്രമങ്ങള്‍ നടത്തുന്നത്.
ഇപ്പോഴാകട്ടെ നമ്മുടെ അന്ന ദാതാക്കളുടെ പിന്നില്‍ മറഞ്ഞു കൊണ്ട് നേരിട്ടും അല്ലാതെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിംസാത്മക പ്രവര്‍ത്തനങ്ങളും അസ്ഥിരതയും ഇവര്‍ പ്രോത്സാഹനം നല്കുന്നു. നമ്മുടെ അന്ന ദാതാക്കളുടെ പിന്നില്‍ മറഞ്ഞു കൊണ്ട്, അക്രമങ്ങളുടെയും ലഹളകളുടെയും പേരില്‍ കുറ്റാരോപിതരായവരെ ഉടന്‍ മോചിപ്പിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കര്‍ഷകര്‍ക്കായി ബീഹാറിലെ ചമ്പാരനില്‍ സത്യാഗ്രഹം നടത്തിയ വ്യക്തിയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. എന്നാല്‍ ബാപ്പുവിന്റെ പ്രതിമ വരെ നശിപ്പിക്കാന്‍ കര്‍ഷകരുടെ പിന്നില്‍ നിന്നുകൊണ്ട് ഇവര്‍ ശ്രമിച്ചു.
നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായി വര്‍ഷങ്ങളായി ഇവര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനും അണക്കെട്ടുകള്‍ പണിയുന്നതിനു എതിരായും ഇവര്‍ പലപ്പോഴും നിലപാടുകള്‍ സ്വീകരിച്ചു. എന്നാല്‍ നിലവില്‍ കര്‍ഷകരുമായി സൗഹൃദത്തില്‍ ആകാനാണ് ഇവരുടെ ശ്രമം.
പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്കി സ്വയംപര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുന്ന ഈ സമയത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ നാം മനസ്സിലാക്കാതെ പോകരുത്. ഒരുകാലത്ത് ലേലഡാക്ക് അതിര്‍ത്തിയില്‍ സുരക്ഷാ വെല്ലുവിളികള്‍ വര്‍ധിച്ചിരുന്ന കാലത്ത്, നിരവധി അടി ഉയരത്തില്‍ മഞ്ഞുമൂടി കിടന്നിരുന്ന സമയത്ത്, അതിര്‍ത്തിയിലെ സൈനികര്‍ക്കുള്ള സാധനസാമഗ്രികള്‍ കൊണ്ടുപോയ ട്രെയിന്‍ തടഞ്ഞവര്‍ കര്‍ഷകര്‍ ആവില്ല.
ഈ ആള്ക്കാര് കാരണമാണ് നമ്മുടെ സൈനികര്‍ക്കുള്ള സാധനസാമഗ്രികളും അവശ്യ വസ്തുക്കളും വ്യോമ മാര്‍ഗ്ഗത്തിലും മറ്റും കൊണ്ടു പോകേണ്ടി വന്നത്. പൊതുജനങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഈ ബദല്‍ മാര്‍ഗ്ഗത്തിലേക്ക് ചെലവിടേണ്ടി വന്നു.1962ലെ യുദ്ധത്തില്‍ പോലും രാജ്യത്തെ പിന്തുണയ്ക്കാത്തവരാണ് ഇവരില്‍ പലരും.
ഇന്ന്, ഇതേ ആള്ക്കാര്, 1962ലെ പോലെ അതേ ഭാഷയില്‍ സംസാരിക്കുന്നു. കര്‍ഷകരുടെ മനസ്സിന്റെ പവിത്രതയെ ഗൂഢാലോചനയിലൂടെയും നീചമായ ഉദ്ദേശങ്ങളിലൂടെയും ഇവര്‍ മലിനപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ കര്‍ഷക മുന്നേറ്റം ആരംഭിച്ച കാലത്ത് അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നുവെന്നും, ഇന്ന് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്നും നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ ആലോചിക്കണം.
ഊഹാപോഹങ്ങളില്‍ ശ്രദ്ധിക്കാതെ എല്ലാ കാര്യങ്ങളെയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിക്കൊണ്ട് പുനരാലോചിക്കാന്‍, ഞാന്‍ നിങ്ങളോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സംശയങ്ങളും ആശങ്കകളും അകറ്റേണ്ടത് നമ്മുടെ ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഈ ചുമതലയില്‍ നിന്നും നാം ഒരിക്കലും പിന്മാറില്ല. ‘എല്ലാവരുടേയും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മന്ത്രം പിന്തുടര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ എല്ലാവരുടെയും താല്പര്യങ്ങള് സംരക്ഷിക്കാന്‍ നമ്മുടെ ഗവണ്മെന്റ് ശ്രമിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തെ ചരിത്രം ഈ വസ്തുതകള്‍ക്ക് ദൃഷ്ടാന്തമാണ്.
കര്‍ഷകരുടെ താല്‍പ്പര്യത്തിനായി കൊണ്ടുവന്ന ഈ പരിഷ്കരണങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പുതിയ അധ്യായത്തിന് അടിത്തറ പാകുകയും നമ്മുടെ കര്‍ഷകരെ സ്വതന്ത്രരും ശാക്തീകരിക്കപ്പെട്ടവരുമാക്കി മാറ്റുകയും ചെയ്യും എന്ന് വിശ്വാസമുണ്ട്. പുതിയ കാര്‍ഷിക പരിഷ്കരണങ്ങളുടെ ഊര്‍ജത്തോടെ നാം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ സമൃദ്ധവും സമ്പന്നവുമാക്കും.
നിങ്ങളുടെ,
നരേന്ദ്ര സിംഗ് തോമര്‍
കേന്ദ്ര കൃഷികര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി
കര്‍ഷകര്‍ക്കുള്ള ഉറപ്പുകള്‍
മിനിമം താങ്ങുവിലയെക്കുറിച്ച് കര്‍ഷകര്‍ക്ക് ഉറപ്പ് എഴുതി നല്കാന് ഗവണ്മെന്റ് തയ്യാറാണ്.
എ പി എം സി ക്ക് പുറത്തുള്ള സ്വകാര്യ മാര്‍ക്കറ്റുകളില്‍ നിന്നും നികുതി ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കും.
ഏതെങ്കിലും തരത്തില്‍ തര്‍ക്കമുണ്ടായാല്‍ കോടതിയില്‍ പോകാന്‍ ഉള്ള അവസരം കര്‍ഷകര്‍ക്ക് ഉണ്ടാകും.
കാര്‍ഷിക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശം സംസ്ഥാന ഗവണ്മെന്റിന് ആയിരിക്കും.
ഈ നിയമം കര്‍ഷകരുടെ ഭൂമിയില്‍ കൈമാറ്റം, വില്‍പ്പന, പണയം, പാട്ടം എന്നിവ അനുവദിക്കാത്തതിനാല്ത്തന്നെ ഒരാള്‍ക്കും കര്‍ഷകരുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കാന്‍ ആകില്ല.
കര്‍ഷകരുടെ ഭൂമിയില്‍ സ്ഥിരമായ മാറ്റംവരുത്താന്‍ കരാറുകാര്‍ക്ക് കഴിയില്ല.
കര്‍ഷകരുടെ ഭൂമിയില്‍ താല്‍ക്കാലിക നിര്‍മ്മാണത്തിന് കരാറുകാരന് വായ്പ ലഭിക്കില്ല.
ഒരു സാഹചര്യത്തിലും കര്‍ഷകരുടെ ഭൂമി കണ്ടുകെട്ടാന്‍ നിയമം അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: