പരവൂര്‍: പരവൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ സിപിഎമ്മുകാര്‍ ആക്രമിച്ചു. ഡിവിഷനിലെ സ്ഥാനാര്‍ഥിയായ മഞ്ജുവിന്റെ ഭര്‍ത്താവിനെ സന്തോഷ്കുമാറിനെ(46)യാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ സന്തോഷിന്റെ ഇടതുകണ്ണിന് മാരകമായി പരിക്കേറ്റു. നെടുങ്ങോലം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനായ സുരേഷ്കുമാറാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
വോട്ടെടുപ്പ് അവസാനമണിക്കൂറിലെത്തിയപ്പോഴായിരുന്നു സംഭവം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ വോട്ട് ചെയ്യാന്‍ എത്തിച്ചത് പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്ത ബിജെപിയുടെ ഇന്‍ ഏജന്റ് ബിനുവിനെ സിപിഎം സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതു കണ്ടുകൊണ്ടുവന്ന സന്തോഷ്കുമാറിനെ സുരേഷ്കുമാറും സംഘവും ആക്രമിക്കുകയായിരുന്നു.
സന്തോഷിന്റെ ഇടതുകണ്ണ് സുരേഷിന്റെ ഇടികൊണ്ട് കലങ്ങി. പുരികവും കണ്ണിന്റെ താഴെയും മുറിവേറ്റ് ചോരചീറ്റി. കൂടുതല്‍ ബിജെപി പ്രവര്‍ത്തകരും പോലീസും എത്തിയാണ് സന്തോഷിനെയും ഇന്‍ ഏജന്റിനെയും രക്ഷിച്ചത്. സന്തോഷിനെ ഉടന്‍ തന്നെ നെടുങ്ങോലും താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സിപിഎമ്മുകാര്‍ പ്രദേശത്ത് നിരന്തരം അക്രമം അഴിച്ചുവിട്ടിരുന്നു.
സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഇവര്‍ മഞ്ജുവിനെയും സന്തോഷിനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നിലധികം തവണ ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണാര്‍ഥം സ്ഥാപിച്ചിരുന്ന മഞ്ജുവിന്റെ ചിത്രം ആലേഖനം ചെയ്തിരുന്ന ഫ്ളക്സുകള്‍ ഇവര്‍ എടുത്തുകൊണ്ടുപോയി തീയിട്ടു നശിപ്പിച്ചിരുന്നു. വിവരം പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഇത് അക്രമികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: