പമ്പ: ശബരിമല സന്നിധാനത്തെ മണ്ഡല-മകരവിളക്ക് കാലത്ത് 24 മണിക്കൂറും ജ്വലിച്ചു നില്ക്കുന്ന ആഴി അണഞ്ഞു. ഇന്നു രാവിലെയാണ് ആഴി പൂര്‍ണമായും അണഞ്ഞത്. അഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയില്‍ ഒരു പകുതി തീര്‍ത്ഥാടകര്‍ അഴിയില്‍ സമര്‍പ്പിക്കുന്നത് ആചാരത്തിന്റെ ഭാഗമാണ്.
എന്നാല്‍, കൊറോണ നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെ നെയ്ത്തേങ്ങകളുടെ എണ്ണം കുറഞ്ഞു. ഇതോടെയാണ് ആഴി നിലച്ചത്. ഇത് അപൂര്‍വസംഭവമാണ്. വൃശ്ചികത്തലേന്നാണ് ആഴിയിലേക്ക് മേല്‍ശാന്തി ദീപം പകര്‍ന്നത്. ജീവനക്കാരാണ് ഇപ്പോള്‍ നെയ്ത്തേങ്ങ പൊട്ടിക്കുന്നത്. ഇതും ആഴി അണയാന്‍ കാരണമായിട്ടുണ്ട്.
അതേസമയം, പമ്പയില്‍നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടക്കുന്ന രാത്രി ഒമ്പതിനുമുമ്പ് ദര്‍ശനത്തിന് എത്തുന്നു എന്ന് സി.സി.ടി.വിയിലൂടെ ഉറപ്പാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
സന്നിധാനം ദേവസ്വം ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്പെഷല്‍ ഓഫിസര്‍ സൗത്ത് സോണ്‍ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സന്നിധാനത്തെ എല്ലാ വകുപ്പിലും ഓരോ കോവിഡ് പ്രോട്ടോകോള്‍ കം ലെയ്സണ്‍ ഓഫിസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രോട്ടോകോള്‍ കം ലെയ്സണ്‍ ഓഫിസര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്ലൈ ഓവറിന് കിഴക്കേ ട്രാക്കില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുമുടി കെട്ടഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: