ഇരിട്ടി : കോടികളുടെ അനധികൃത ഇടപാടുകളും പണവും കണ്ടെത്തിയ ബിലീവേഴ്സ് ചർച്ച് സഭാ വക്താവും തിരുവല്ല മെഡിക്കൽകോളേജ് മാനേജരുമായ ഫാ. സിജോ പന്തപ്പിള്ളിലിന്റെ പിതാവ് പി.ഡി. ജോസ് ആറളം പഞ്ചായത്തിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പഞ്ചായത്തിലെ ചതിരൂർ വാർഡിലാണ് ജോസിനി സി പി എം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത് . കഴിഞ്ഞ ആഴ്ച ബിലീവേശ്സ് ചർച്ചിന്റെ വിവിധ ഇടങ്ങളിൽ എൻഫോഴ്സ് മെന്റ് അധികൃതർ നടത്തിയ പരിശോധനക്കിടെ കീഴ്പ്പള്ളി അത്തിക്കലിലെ ഇദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. സംശയകരമായി തോന്നിയ പല ഇടപാടുകളുടെയും വിശദ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് സി പി എം ജോസിനെ തങ്ങളുടെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ അണികൾക്കിടയിൽ വൻ പ്രതിഷേധം ഉയരുന്നതായും അറിയാൻ കഴിഞ്ഞിട്ടിട്ടുണ്ട്.
ആറളം സെൻട്രൽ സ്റ്റേറ്റ് ഫാമിൽ ജീവനക്കാരനായിരുന്ന ജോസ് ഇവിടെ നിന്നും വി ആർ എസ് എടുത്ത് പിരിഞ്ഞു പോവുകയായിരുന്നു. പോകുന്ന സമയത്ത് സൂപ്രവൈസർ പോസ്റ്റിലായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വിശാലമായ വീടിന് 65 ലക്ഷം രൂപയോളമാണ് അന്വേഷണ ഉദ്യോഗസ്ഥർ വില കണ്ടെത്തിയത് എന്നാണ് അറിയുന്നത്. ലോണില്ലാതെ 35 ലക്ഷത്തോളം വിലയുള്ള ഒരു കാറും അടുത്തിടെ ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. ജില്ലയിലെ സി പി എം നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളിലും ഇവർക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സി പി എമ്മുമായി അഭേദ്യമായ ബന്ധമാണ് പി.ഡി. ജോസിനുള്ളത്. പണമെറിഞ്ഞും മദ്യ സൽക്കാരം നടത്തിയുമാണ് ജോസ് ഈ ബന്ധം നിലനിർത്തുന്നത് എന്നാണ് ജനസംസാരം. ഇതിൽ പ്രതിപക്ഷത്തുള്ള ചിലരും അംഗങ്ങളാണ്. കഴിഞ്ഞ സി പി എം ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ചില ബ്രാഞ്ച് സിക്രട്ടറിമാരെയും അംഗങ്ങളെയും വശീകരിച്ച് സിക്രട്ടറി സ്ഥാനം നേടാനുള്ള ശ്രമവും പി.ഡി. ജോസ് നടത്തിയിരുന്നതായും അറിയുന്നു. ഇത് മണത്തറിഞ്ഞ ചില സി പി എം നേതാക്കൾ ഇടപെട്ട് ഇതിന് തടയിടുകയും സി പി എം എ സി അംഗവും ബാങ്ക് പ്രസിഡന്റുമായ ആളെ സിക്രട്ടറി സ്ഥാനത്ത് അവരോധിക്കുകയുമായിരുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരാൾക്ക് സ്ഥാനാർത്ഥിത്വം നൽകിയതോടെ പാർട്ടിക്കുള്ളിൽ വൻ അമർഷം തന്നെ പുകയുന്നതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ തന്റെ പണത്തിന്റെ വലയെറിഞ്ഞ് ജനങ്ങളെ കുടുക്കുന്നതടക്കം വിജയം നേടാനുള്ള എല്ലാ വഴികളും ജോസ് തേടുമെന്നുമാണ് ജനങ്ങൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: