ശബരിമല: മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. സ്ഥാനം ഒഴിയുന്ന മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയാണ് വൈകിട്ട് അഞ്ചിന് നടതുറന്നത്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തില്‍ വി.കെ.ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്ത് മന എം.എന്‍.റെജികുമാര്‍ എന്ന ജനാര്ദനന് നമ്പൂതിരി മാളികപ്പുറത്തും ഇന്ന് പുതിയ മേല്‍ശാന്തിമാരായി സ്ഥാനമേല്‍ക്കും. ഭക്തര്‍ക്ക് നാളെ മുതലാണ് ദര്‍ശനം അനുവദിക്കുക.
മണ്ഡലപൂജ ഡിസംബര്‍ 26ന്. അന്ന് രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്കിനായി ഡിസംബര്‍ 30ന് തുറക്കും. ജനുവരി 19 വരെ ദര്‍ശനം ഉണ്ട്. മകരവിളക്ക് ജനുവരി 14ന്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് രാവിലെ 7ന് നട അടയ്ക്കും.
അതേസമയം, കൊറോണ കാലമായതിനാല്‍ വ്രതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങള്‍ പാലിച്ചു ക്ഷേത്രദര്‍ശനം നടത്താന്‍ സാഹചര്യമില്ലാത്തതിനാല്‍ മണ്ഡല-മകരവിളക്ക് കാല വ്രതാനുഷ്ഠാനം വീടുകളില്‍ തന്നെ നടത്തണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ യൂണിയന് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: