കൊല്ലം: വ്രതാനുഷ്ഠാനങ്ങളോടെ മണ്ഡലകാലത്തിന് നാളെ തുടക്കം. ക്ഷേത്രങ്ങള്‍ വൃശ്ചികച്ചിറപ്പിനുള്ള തയ്യാറെടുപ്പിലാണ്. നാല്പത്തൊന്ന് ദിവസം എല്ലാ ക്ഷേത്രങ്ങളിലും ഭാഗവതപാരായണവും വിശേഷാല്‍ പൂജകളും നടക്കും. ചിറപ്പ് തീരുന്ന നാല്പത്തൊന്നാം നാള് അഖണ്ഡനാമജപമടക്കമുള്ള പ്രത്യേക പരിപാടികളാണ് പതിവ്. ഇക്കുറി കോവിഡ് മാനദണ്ഡങ്ങളെത്തുടര്‍ന്ന് പലതും ഉപേക്ഷിച്ചിട്ടുണ്ട്.
എങ്കിലും വീടുകളില്‍ മണ്ഡലകാലത്തിന്റെ അന്തരീക്ഷമൊരുങ്ങും. കാട്ടുപൂക്കള്‍ ശേഖരിച്ച് പൂക്കളമിട്ടും സസ്യാഹാരം ശീലിച്ചും കാര്‍ത്തികയ്ക്ക് വിളക്ക് തെളിച്ചും അയ്യപ്പവിളക്ക് കൊണ്ടാടിയും സന്ധ്യകളില്‍ ഭജന ചൊല്ലിയും ഭവനം സന്നിധാനമെന്ന ആഹ്വാനം നെഞ്ചേറ്റുകയാണ് ഇക്കുറി ഹിന്ദു ഭവനങ്ങള്‍.
ഇത്തവണയും വേലികളില്‍ കാക്കപ്പൂക്കളും കലംപൊട്ടിയും നിറയെയുണ്ട്. ഓണക്കാലത്തെ തുമ്പപ്പൂവിന് സമാനമാണ് മണ്ഡലകാലത്ത് കാക്കപൂക്കള്‍. അതിരാവിലെ കുട്ടികള്‍ അവ ശേഖരിച്ച് വിളക്കിന് മുന്നില്‍ പൂക്കളം തീര്‍ത്താണ് മണ്ഡലകാല അനുഷ്ഠാനങ്ങളെ വരവേല്‍ക്കുന്നത്. എല്ലാ ദിവസവും ഈ പൂക്കളം വീടുകളില്‍ ഉണ്ടാകും.
കാനനവാസന് അയ്യന്റെ പ്രസാദത്തിനായാണ് കാട്ടുപൂക്കളെ ഈ രീതിയില്‍ അലങ്കരിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ വിനയായേക്കുമോ എന്ന ആശങ്കയിലാണ് പക്ഷേ സ്ഥിരം ഭജനസംഘങ്ങള്‍. വൃശ്ചികച്ചിറപ്പുകള് അവര്‍ക്ക് വലിയ അവസരമായിരുന്നു. പ്രതിസന്ധിയെ മറികടക്കാന്‍ ഓണ്‍ലൈന്‍ സപ്താഹയജ്ഞങ്ങള്‍ ആരംഭിച്ചതുപോലെ ഭജന സംഘങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: