കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര വികസനത്തിന് 500 കോടി രൂപ നല്‍കാമെന്ന വാഗ്ദാനവുമായി വ്യവസായ ഗ്രൂപ്പ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പാണ് 500 കോടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള വാഗ്ദാനം ലഭിച്ചത്. കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ തുടര്‍ നടപടി വൈകുകയായിരുന്നു. എന്നാല്‍ ഈ തുക സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. പണംകൈമാറ്റം നടക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ കാണിക്കപണമായി ഇത് മാറും
കോടതി തീരുമാനം അനുസരിച്ചായിരിക്കും ക്ഷേത്രത്തില്‍ നടപ്പാക്കേണ്ട നവീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കൂ. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും കോടതി തീരുമാനം അനുസരിച്ചായിരിക്കും മറ്റ് നടപടികളെന്നും കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഷീജ അഭിപ്രായപ്പെട്ടു. ദേവസ്വം ഫണ്ട് ഉപയോഗിച്ച് 20 ലക്ഷത്തിന് മുകളിലുള്ള നിര്‍മാണത്തിന് ഇത്തരത്തില്‍ കോടതി അനുമതി തേടാറുണ്ടെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
തുക സ്വീകരിക്കാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ ചെയ്യുന്നതിനുവേണ്ടിയുള്ള രൂപരേഖയും തയാറാക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം, പാര്‍ക്കിങ് ഗ്രൗണ്ടില്‍ ടൈല്‍ വിരിക്കല്‍, അന്നദാന മണ്ഡപം, കല്ല്യാണമണ്ഡപം നിര്‍മാണം. രണ്ടാഘട്ടത്തില്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ് റോഡ് നിര്‍മാണം മാലിന്യസംസ്കരണം പ്ലാന്റ് നിര്‍മാണം എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: