കൊല്ലം: ആഡംബര കാറില്‍ കറങ്ങി നടന്ന് ഒട്ടേറെ മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റിലായി. കണ്ണനല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ വാഹനപരിശോധന നടത്തി വരവെയാണ് ആഡംബരകാറില്‍ കറങ്ങി മോഷണം നടത്തുന്ന നാലു യുവാക്കള്‍ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ചടയമംഗലം ഇട്ടിവ ഷിയാന മന്‍സിലില്‍ ഷിനാസ് (19), ഇട്ടിവ ചെറുതേന്‍ കുഴിയില്‍ തന്‍സീര്‍ (21), ഇട്ടിവ കുറ്റിയാം മൂട്ടില് മേലതില്‍ മുനീര്‍ (19), മഞ്ഞപ്പാറ ഷഹന മന്‍സിലില്‍ ഷംനാദ് (21) എന്നിവരാണ് അറസ്റ്റിലായത്.
കുണ്ടുമണ്ണില്‍ കണ്ണനല്ലൂര്‍ എസ്എച്ച്ഒ യു.പി. വിപിന്‍ കുമാറിന്റെ നേതൃതത്തില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ നാല്‍വര്‍ സംഘം വന്ന വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന മൂന്നോളം മോഷ്ടിക്കപ്പെട്ട ബാറ്ററി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പ്രതികളെ അറസ്റ്റുചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തു. ആഡംബര കാര്‍ വാടകയ്ക്കെടുത്ത് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു വില്‍ക്കുകയാണ് രീതിയെന്ന് പ്രതികള്‍ സമ്മതിച്ചു. കാറിലുണ്ടായിരുന്ന ബാറ്ററികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടായിരുന്ന ആട്ടോറിക്ഷകളില്‍ നിന്നും മോഷ്ടിച്ചതായിരുന്നു.
പ്രതികള്‍ ആഡംബരവാഹനങ്ങള്‍ വാടകയ്ക്കെടുത്ത് വിവിധ ജില്ലകളില്‍ സഞ്ചരിച്ച് രാത്രികാലങ്ങളില്‍ റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ കച്ചവടം ചെയ്തു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.
നാലു പ്രതികളെയും അറസ്റ്റ് ചെയ്ത കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണനല്ലൂര്‍ എസ്ഐ രഞ്ജിത്, രാജേന്ദ്രന് പിള്ള, സുന്ദരേശന്, പ്രോബോഷണറി എസ്ഐ ശിവപ്രസാദ്, എഎസ്ഐ അയില നിസാമുദ്ദീന്‍, സിപിഒ മണികണ്ഠന്, സന്തോഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: