തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനായി പ്രതികള്‍ ടെലിഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയിരുന്നെന്ന് മൊഴി. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിതിന്റെ മൊഴിയിലാണ് കള്ളക്കടത്തിനായി സിപിഎം കമ്മിറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയെന്ന് വെളിപ്പെടുത്തിയത്.
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്കിയ മൊഴിയില്‍ പറയുന്നു.
യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന നല്കിയ മൊഴികള്‍ നിഷേധിക്കാതെ എം. ശിവശങ്കറും രംഗത്തെത്തിയിരുന്നു.. കൂടിക്കാഴ്ചകളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ഉണ്ടായിരുന്നുവെന്നും യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള സമ്പര്‍ക്ക കണ്ണിയായി ശിവശങ്കറെ മുഖ്യമന്ത്രി പരിചയപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ നിഷേധിച്ചിട്ടില്ല. കൂടുതല്‍ വെളിപ്പെടുത്താന്‍ തയാറായിട്ടുമില്ല.
കോണ്‍സുലേറ്റുമായി സംസ്ഥാന സര്‍ക്കാരിന്റെ ബന്ധങ്ങളില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചിരുന്നില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ (പിണറായി സര്‍ക്കാര്‍) അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരുടെ നികുതി ഇളവു സംബന്ധിച്ച കാര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലിലെ കാലതാമസം ഒഴിവാക്കാന്‍ ശിവശങ്കറെ മുഖ്യകണ്ണിയാക്കി നിയോഗിച്ചത് മുഖ്യമന്ത്രിയായിരുന്നുവെന്നും അങ്ങനെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള വഴികള്‍ക്കു പകരം നേരിട്ടുള്ള ഇടപാടായിരുന്നെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്കാലത്ത് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി(ഒഎസ്ഡി)രുന്നു. പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ നിഷേധങ്ങള്‍ക്ക് എതിരാണിത്. അതേസമയം, കേസില്‍ മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: