അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ബൗളര്‍മാര്‍ നല്കിയ മുന്‍തൂക്കം മുതലാക്കാന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ പോയതാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ ധോണി.
കൊല്‍ക്കത്ത ഇന്നിങ്സിലെ അവസാന നാല് ഓവറില്‍ ചെന്നൈ ബൗളര്‍മാര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്സ് 167 റണ്‍സിന് അവസാനിച്ചു. പക്ഷെ തുടര്‍ന്ന് ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 157 റണ്‍സേ നേടാനായുള്ളൂ. 10 റണ്‍സിന് ചെന്നൈ തോറ്റു. ആറു മത്സരങ്ങളില്‍ ചെന്നൈയുടെ നാലാം തോല്‍വിയാണിത്. നാലു പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്.
മധ്യ ഓവറുകളിലാണ് ചെന്നൈ തകര്‍ന്നത്. രണ്ടോ മൂന്നോ ഓവറുകള്‍ മാത്രമേ മികച്ചതായിരുന്നുള്ളൂ. എന്നിട്ടും ഞങ്ങള്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇതോടെയാണ് ടീം തോല്‍വിയിലേക്ക് നീങ്ങിയതെന്ന് ധോണി പറഞ്ഞു.
മധ്യ ഓവറുകളില്‍ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിലും മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു. പന്തുകൊണ്ട് മികച്ച പ്രകടനമാണ് ടീം നടത്തിയത്. എന്നാല്‍ ബാറ്റുകൊണ്ട് തിളങ്ങാനായില്ല. കെല്‍ക്കത്ത മുന്നോട്ട് വച്ച 168 റണ്‍സ് വിജയലക്ഷ്യം അനായാസം ചേസ് ചെയ്ത് നേടാമായിരുന്നു. എന്നാല്‍ ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ തുടരെ തുടരെ ബൗണ്ടറികള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് ധോണി വെളിപ്പെടുത്തി.
അതേസമയം ബൗളര്‍മാരുടെ മികവിലാണ് കൊല്‍ക്കത്ത ചെന്നൈയെ പത്ത് റണ്‍സിന് തോല്‍പ്പിച്ചത്. 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ചെന്നൈയെ അവര്‍ ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 157 റണ്‍സെന്ന നിലയില്‍ പിടിച്ചുകെട്ടി. പന്തെറിഞ്ഞവരില്‍ പാറ്റ് കമ്മിന് ഒഴിച്ചുള്ള ബൗളര്‍മാര്‍ വിക്കറ്റെടുത്തു. ശിവം മാവി, വരുണ്‍, നാഗര്‍കോട്ടി, നരെയ്ന്, റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
ചെന്നൈ ബാറ്റിങ് നിരയില്‍ ഷെയ്ന് വാട്സണും (50) റായ്ഡുവും (30) തിളങ്ങി. രവീന്ദ്ര ജഡേജ എട്ട് പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 21 റണ്‍സുമായി പുറത്താകാതെ നിന്നു. ധോണി പതിനൊന്ന് റണ്‍സിന് പുറത്തായി.
സ്കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 167ന് പുറത്ത് (രാഹുല്‍ ത്രിപാഠി 81), ചെന്നൈ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 157 (ഷെയ്ന് വാട്സണ് 50).
പ്രതികരിക്കാൻ ഇവിടെ എഴുതുക: