ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ തയ്യാറാക്കുന്നു എന്നതാണ് ‘സാല്‍മണ്‍’ ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഏഴ് ഭാഷകളില്‍ ത്രിമാന ചിത്രം പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയ്ക്ക് പുറമെയാണിത്.
എംജെഎസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍, കീ എന്റര്ടൈന്മെന്റ്സ് എന്നിവര്‍ ചേര്‍ന്നു പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ‘സാല്‍മണ്‍’ ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്നു.
ഡോള്‍സ്, കാട്ടുമാക്കാന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഗായകന് വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്.
ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുന്ന സര്‍ഫറോഷിന് ഭാര്യ സമീറയും മകള്‍ ഷെസാനും അവധിക്ക് നാട്ടിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ നല്കിയ സര്‍പ്രൈസിനിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ദുര്മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായാണ് സാല്‍മണ്‍ മുന്നോട്ടു പോകുന്നത്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥനാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന സാല്‍മണ്‍ മത്സ്യത്തിന്റെ പേര് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ചലച്ചിത്രത്തിലെ രംഗങ്ങള്‍ ദൃശ്യവല്ക്കരിച്ചിട്ടുള്ളത്.
വിജയ് യേശുദാസിന് പുറമേ വിവിധ ഇന്ത്യന്‍ ഭാഷാ നടന്മാരായ ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയ പ്രമുഖരും സാല്‍മണില്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: