ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് മാവേലി സ്റ്റോര്‍ അസിസ്റ്റന്റ് മാനേജരെ ഇതെ പഞ്ചായത്തിലെ ചീരാല്‍ മാവേലി സ്റ്റോറിലേക്കു സ്ഥലം മാറ്റിയത് വിവാദത്തില്‍. ചുള്ളിയോട് മാവേലി സ്റ്റോറില്‍ ഒഴിവു സൃഷ്ടിക്കുന്നതിനും ഇവിടെ സിപിഐ പ്രാദേശിക നേതാവിന്റെ കുടുംബാംഗത്തെ നിയമിക്കുന്നതിനുമാണ് സ്ഥലംമാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്.
ചുള്ളിയോടു നിന്ന് സ്ഥലംമാറ്റം ലഭിച്ചയാള്‍ ചീരാലില്‍ എത്തുന്നതോടെ അവിടെ മൂന്നു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ദിനവേതനക്കാരിക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളില്‍ രണ്ടുവീതം സ്ഥിരം, ദിനവേതന ജീവനക്കാരാണുള്ളത്.
സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍ തസ്തികകളിലാണ് സ്ഥിരം ജീവനക്കാര്‍. സ്ഥിരം അസിസ്റ്റന്റ് സ്റ്റോര്‍ മാനേജരില്ലാത്ത മാവേലി സ്റ്റോറുകളില്‍ ജീവനക്കാരില്‍ മൂന്നു ദിവസ വേതനക്കാര്‍ ഉണ്ടാകും. സപ്ലൈകോ ഏരിയ മാനേജരാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്. ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ ആഭിമുഖ്യമുള്ള സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) അംഗങ്ങളാണ്ചുള്ളിയോട്, ചീരാല്‍ മാവേലി സ്റ്റോറുകളിലെ ദിവസ വേതനക്കാര്‍.
സിപിഐ പ്രദേശിക നേതാവിന്റെ ഇംഗിതത്തിനു വഴങ്ങി സപ്ലൈകോ അധികൃതര്‍ നടത്തിയ സ്ഥലംമാറ്റം പാര്‍ട്ടിയിലും യൂണിയനിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. അസിസ്റ്റന്റ് മാനേജര്‍ ചുമതലയേല്‍ക്കുന്ന മുറയ്ക്ക് സ്റ്റോറില്‍ ദിവസ വേതനക്കാരില്‍ ഒരാള്‍ അധികമാകുകയും പുറത്തുപോകേണ്ടിയും വരുമെന്ന് ഫെഡറേഷന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: