കണ്ണൂര്‍: രാജ്യാന്തര ബന്ധമുള്ള ഭീകരാക്രമണക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള പച്ചത്തുരുത്തായി കണ്ണൂര്‍. ഏത് സര്‍ക്കാര്‍ ഭരിച്ചാലും പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് നിര്‍ലോഭമായ പിന്തുണയും ലഭിച്ചിരുന്നു.
1993 ലെ മുംബൈ സ്ഫോടനപരമ്പര കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ്ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. മുംബൈയില്‍ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുന്നാഭായ് അത്താഴക്കുന്നില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഭാര്യയുടെ പ്രസവത്തിനിടെ അത്താഴക്കുന്നിലെത്തി തിരികെ പോയിട്ടും കേരളാ പോലീസോ ഇന്റലിജന്‍സോ അറിഞ്ഞില്ല. ഒടുവില്‍ 2013 ഓഗസ്റ്റ് 28ന് പുലര്‍ച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് അയല്‍വാസിയായ മുന്നാഭായ് കൊടുംഭീകരനാണെന്ന് നാട്ടുകാര്‍ അറിയുന്നത്.
മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രത്യേക ടാഡാ കോടതി സഞ്ജയ് ദദത്ത് ഉള്‍പ്പടെ 100 പ്രതികളെയാണ് ശിക്ഷിച്ചത്. 1993 മാര്‍ച്ച് 12ന് മുംബൈയിലെ പ്രധാനപ്പെട്ട 13 സ്ഥലങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 250 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആക്രമണത്തിനാവശ്യമായ സ്ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത് മുന്നാഭായ് ആയിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ കണ്ണൂര്‍ മമ്പറത്തെ പി.എ. സലീം പോലീസിനെ വെട്ടിച്ച് 10വര്‍ഷം ഒളിവില്‍ കഴിഞ്ഞത് പിണറായി പോലീസ് സ്റ്റേഷന് പരിധിയിലെ പറമ്പായി എന്ന സ്ഥലത്താണ്. പറമ്പായിയില്‍ വിവാഹം ചെയ്ത് ഭാര്യവീട്ടില്‍ താമസമാക്കിയ സലീമിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിനായില്ല. 2018 ഒക്ടോബര്‍ 12ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം പറമ്പായിയിലെത്തി സലീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ലഷ്കര്‍ ഇ ത്വയ്ബയുമായി സലീം ബന്ധം വെച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
കളമശ്ശേരിയില്‍ സ്ഫോടക വസ്തുക്കള്‍ മോഷ്ടിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ സലിം പ്രതിയാണ്. 2012 ഒക്ടോബര്‍ 21ന് പാതിരിയാട് പറമ്പായിയിലെ പ്രകാശന്റെ മകന് പി. നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലും സലീം പ്രതിയാണ്. നിഷാദിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ച് മൂടിയെന്നായിരുന്നു സലീം എന്‍ഐഎക്ക് മൊഴി നല്‍കിയത്.
2008 ജൂലൈ 25ന് ബെംഗളൂരുവിലുണ്ടായ സ്ഫോടനപരമ്പരയില്‍ രണ്ട് പേര് മരിക്കുകയും ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ അബ്ദുള്‍ നാസര്‍ മദനി, കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.
ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരാക്രമണ കേസുകളിലെ പ്രതികള്‍ കേരളത്തിലെ ഗ്രാമങ്ങളിലെത്തി വിവാഹം ചെയ്ത് സൈ്വര്യജീവിതം നയിക്കുന്നത് പ്രാദേശികമായ സഹായത്തിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്യാറില്ല. കേന്ദ്രസംഘം അറസ്റ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും കേരളാ പോലീസ് വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: