കണ്ണൂര്‍: ചിറക്കല്‍ കേവിലകം ദേവസ്വത്തിന് കീഴിലുളള ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയുടെ നിയന്ത്രണമേറ്റെടുക്കാന്‍ സിപിഎമ്മിന്റെ ഗൂഢനീക്കം. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡറിന്റെ പേരില്‍ രൂപംകൊണ്ട സംരക്ഷണസേന ഭൂമിയുടെ നിയന്ത്രണം പാര്‍ട്ടിയുടെ കീഴിലെത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന.
മാടായിപ്പാറയിലെ മലനീകരണവും കയ്യേറ്റങ്ങളും തടയുന്നതിനെതിരെ 1992 മുതല്‍ മാടായിപ്പാറ സംരക്ഷണ സമിതിയെന്ന പേരില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ജനകീയ കൂട്ടായ്മ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായ മാടായിപാറ സംരക്ഷണ സേന രൂപീകരിച്ച് കഴിഞ്ഞദിവസം തിരിച്ചറിയല്‍കാര്‍ഡുകള്‍ സേനാംഗങ്ങല്ക്ക് വിതരണം ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിവൈഎഫ്ഐ രംഗത്തെത്തി ഭൂമി സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ദേവസ്വം ഭൂമിയായ മാടായിപ്പാറ ജൈവവൈവിധ്യ ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാന്‍ സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ടി.വി. രാജേഷ് എംഎല്‍എ ഏതാനും നാളുകളായി ശ്രമം നടത്തിവരികയാണ്. ജൈവവൈവിധ്യ ബോര്‍ഡ് ഏറ്റെടുത്തു കഴിഞ്ഞാല്‍ ദേവസ്വം ഭൂമി പഞ്ചായത്തിന്റേയും ഗവണ്മെന്റിന്റേയും അധീനതയിലായിത്തീരും. അതോടെ ജൈവവൈധ്യം നശിപ്പിക്കപ്പെടുമെന്ന ആശങ്കയുയരുകയാണ്. നേരത്തെ ജൈവവൈവിധ്യ ബോര്‍ഡിന് കീഴിലാക്കാന്‍ ശ്രമം നടന്നെങ്കിലും ലീഗ് ഭരിക്കുന്ന മാടായി പഞ്ചായത്തിന്റെ ഭരണസമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ശ്രമം വിഫലമാവുകയായിരുന്നു. പരാജയപ്പെട്ട ഈ നീക്കം വീണ്ടും ഡിവൈഎഫ്ഐയിലൂടെ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.
മാടായിപ്പാറ ഖനനത്തിനും മലിനീകരണത്തിനും എതിരെ ഇതുവരെ രംഗത്ത് വരാതിരിക്കുകയും ഏതാനും പേരുടെ തൊഴില്‍ പ്രശ്നം പറഞ്ഞ് ഖനനത്തെ അനുകൂലിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ സംരക്ഷണ സേനയുമായി രംഗത്ത് വന്നതില്‍ നാട്ടുകാര്‍ സംശയാലുക്കളാണ്. ഡിവൈഎഫ്ഐ സേനാരൂപീകരണത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: