ആലപ്പുഴ: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും, എല്ലാവരിലും ഐടിയുടെ ഗുണഫലങ്ങള്‍ എത്തിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യമാണ് വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന് ചലഞ്ചില്‍ ഒന്നാമതെത്താന്‍ തന്റെ സ്റ്റാര്‍ട്ടപ്പിന് കഴിഞ്ഞതെന്ന് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജോയി സെബാസ്റ്റ്യന്‍. സംരഭകരെ വലിയ രീതിയില്‍ വളര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തികച്ചും സുതാര്യമായാണ് ഇന്നൊവേഷന് ചലഞ്ച് സംഘടിപ്പിച്ചതെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലൂള്ള ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ടെക്ജെന്‍ഷ്യ വികസിപ്പിച്ച വി കണ്‍സോളിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ഇനി മുതല്‍ വി കണ്‍സോളായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സ് ആപ്. ഒരുകോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം. രണ്ടായിരത്തോളം കമ്പനികളില്‍നിന്ന് മൂന്നുഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.
ഇപ്പോള്‍ വികസിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് കേന്ദ്രസര്‍ക്കാരിന് മാത്രമായുള്ളതാണ്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ആപ്പ് ഒരു മാസത്തിനുള്ളില്‍ തയ്യാറാകും. കുറഞ്ഞ നിരക്കില്‍ പണം നല്‍കിയാകും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ഇപ്പോള്‍ ഈ രംഗത്തുള്ള കുത്തക ആപ്പുകളും താമസിയാതെ പണം ഈടാക്കും.
കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗുജറാത്ത്, മദ്ധ്യപ്രദേശ് സര്‍ക്കാരുകള്‍ അവരുടെ ഔദ്യോഗിക ആപ്പുകള്‍ തയ്യാറാക്കുന്നതിന് തന്നെ ക്ഷണിച്ചിരുന്നു. കേരള സര്‍ക്കാരുമായി മറ്റൊരു ഘട്ടത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും മുന്നോട്ട് പോയില്ല. മറ്റൊരു കമ്പനിക്കാണ് കേരളം അവസരം നല്‍കിയത്. മിലിട്ടറിയ്ക്ക് അടക്കം ഏറ്റവും സുരക്ഷതിത്വമുള്ള വീഡിയോ കോണ്‍ഫറന്‍സ് ആപ്പുകള്‍ തയ്യാറാക്കി നല്കാന് സന്നദ്ധനാണ്.
നല്ല കഴിവുകളുള്ള പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഇന്നൊവേഷന് ചലഞ്ചുകള്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഎസ്എന്‍എല്‍ തുടങ്ങി രാജ്യത്തിന് അകത്തും പുറത്തുമുള്ള വലിയ സ്ഥാപനങ്ങള്‍ തന്റെ സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: