തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിലായ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ മിലട്ടറി ഇന്റലിജന്‍സ് ചോദ്യം ചെയ്തു. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയിസ് പാര്‍ക്കില്‍ ഉന്നത പദവിയില്‍ സ്വപ്ന നിയമിതയായതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയുകയായിരുന്നു പ്രധാന ലക്ഷ്യം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനേയും ചോദ്യം ചെയ്തു. കൊച്ചിയില്‍ എന്‍ ഐ എ ചോദ്യം ചെയ്ത ദിവസം തന്നെയാണ് മിലട്ടറി ഇന്റലിജന്‍സിന്റെ ചോദ്യം ചെയ്യല്‍. കോവളത്ത് സര്‍ക്കാര്‍ നടത്തിയ സ്പേസ് കോണ്‍ക്ളേവിന്റെ വിശദ വിവരം ചോദിച്ചു.
ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ വന്‍ സ്വര്‍ണക്കടത്ത് മാത്രമായിരുന്നോ ലക്ഷ്യം. അതോ അതിനു മേലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയും ഉദ്ദേശിച്ചിരുന്നോ? എന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഉന്നത പദവി വഹിച്ചിരുന്ന റഷീദ് ഖാമിസ് അല്‍ ഷെമിലി കോവളത്തെ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാനുള്ള കാരണവും തേടി. കോണ്‍ക്ളേവില്‍ പങ്കെടുത്തതിനുള്ള ഉപഹാരം വി എസ് എസ് എസി ഡയറക്ടറായിരുന്ന എം സി ദത്തന് സമ്മാനിച്ചത് സ്വപ്ന സുരേഷ് ആയിരുന്നു. ദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചതുതന്നെ സംശയം ജനിപ്പിച്ചിരുന്നു. ശാസ്ത്ര കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ശാസ്ത്ര കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം തന്നെ ഉള്ളപ്പോള്‍ വ്യക്തിയുടെ ഉപദേശം എന്തിന് എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
വിഎസ്എസ് സിയില്‍ ജോലി വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്തതിന് അറസ്റ്റിലായ യുവതിക്ക് കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടായിരുന്നതായി സൂചനയുണ്ട്. മെഡിക്കല്‍ കോളേജില്‍ താര്‍ക്കാലിക ജീവനക്കാരിയായിരുന്ന അവര്‍ വിഎസ്എസ്സിയുടെ ഔദ്യോഗിക വാഹനം വരെ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: