ഭരണ കാലാവധി തീരാന്‍ ഏതാനും മാസം മാത്രം അവശേഷിക്കെ സിപിഎമ്മും മുഖ്യമന്ത്രിയും സമനില തെറ്റിയ അവസ്ഥയിലാണ്. കൊവിഡ് 19, പ്രകൃതിദുരന്തങ്ങള്‍, എല്ലാം അതിശക്തമായിരിക്കുന്നു. ഇതിനിടയിലാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടവും സംഭവിച്ചത്. 18 പേര് മരണപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം കേരളത്തില്‍ ആദ്യത്തേതാണ്. രാജ്യത്തെയാകെ നടുക്കിയ സംഭവമാണത്. പ്രഗല്ഭരായ പൈലറ്റുമാര്‍ ഇരുവരും മരണപ്പെട്ടവരില്‍പ്പെടുന്നു. അതിന്റെ കാര്യകാരണങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. അതിനു മുന്‍പാണ് ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. നാലു ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയി. 40 ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. നിരവധി പേര് ഇപ്പോഴും മണ്ണിനടിയിലാണ്. 83 പേരെങ്കിലും ലയത്തിലുണ്ടായിരുന്നത്രെ.
സമചിത്തതയോടെ ദുരന്തങ്ങളെ നേരിടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ പ്രാഥമിക കടമ. പക്ഷേ കേരള സര്‍ക്കാര്‍ എന്തുകൊണ്ടോ അന്ധാളിച്ചു നില്‍ക്കുകയാണ്. ഇടുക്കിയില്‍ ഫലപ്രദമായ ഇടപെടല്‍ പോലും നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. സംഭവം അറിഞ്ഞിട്ടും ആ ജില്ലയില്‍നിന്നുള്ള മന്ത്രി അങ്ങോട്ടു പോയത് വൈകിയാണ്. വൈദ്യുതി വകുപ്പിന്റെ മന്ത്രികൂടിയാണദ്ദേഹം. ഇടുക്കിയില്‍നിന്നാണ് കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും ഉല്പാദിപ്പിക്കുന്നത്. പക്ഷേ ദുരന്തമുണ്ടാകുന്നതിന്റെ മുന്‍പും പിന്‍പും രാജമലയിലും മൂന്നാറിന്റെ ഏറിയ ഭാഗത്തും വൈദ്യുതിബന്ധം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ അതിനൊരു പരിഹാരം കാണാന്‍ ഒരു ശ്രമവും ഉണ്ടായില്ലെന്ന പരാതിയുമുണ്ട്. വൈകിയാണെങ്കിലും കോഴിക്കോട് ചെന്ന മുഖ്യമന്ത്രി ദുരന്ത മേഖലയിലെത്താന്‍ കൂട്ടാക്കാത്തത് വലിയ ന്യൂനത തന്നെയാണ്. ജീവന് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ പ്രഖ്യാപനത്തിലും വിവേചനമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഗുരുതരമായ ഭരണ വീഴ്ചകളും അധികാര ദുര്‍വിനിയോഗവും പക്ഷപാതപരമായ പെരുമാറ്റങ്ങളും വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. അതിനെ സഹിഷ്ണുതയോടെ കാണുക എന്നതാണ് വിവേകമുള്ള ഭരണകക്ഷിയും ഭരണാധികാരികളും ചെയ്യേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഭരണം നയിക്കുന്ന സിപിഎമ്മും മുഖ്യമന്ത്രിയും വിമര്‍ശിക്കുന്നവരെ ശത്രുക്കളെപ്പോലെ കണ്ട് ആക്ഷേപിക്കുകയും അതിരുവിട്ട് വിമര്‍ശിക്കുകയും ചെയ്യുന്നു. കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും യോജിച്ച് നീങ്ങുകയാണെന്നാണ് സിപിഎമ്മിന്റെ ഏറ്റവും ഒടുവിലത്തെ ആരോപണം. സ്വര്‍ണക്കള്ളക്കടത്ത് സംഭവം മുതല്‍ സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും സിപിഎം വിലപിക്കുന്നു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളൊന്നും കഴമ്പില്ലാത്തതല്ലെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ഉയര്‍ന്നുവന്നപ്പോള്‍ ശക്തമായ നിഷേധവുമായാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും മുന്നോട്ടുവന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രതിക്കൂട്ടിലാണെന്ന് മുഖ്യമന്ത്രിതന്നെ പിന്നീട് സ്ഥിരീകരിച്ചു. അതുകൊണ്ടാണല്ലോ സെക്രട്ടറിസ്ഥാനത്തുനിന്ന് എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതിപക്ഷത്തേയും ബിജെപിയേയും വിമര്‍ശിക്കുക മാത്രമല്ല മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണെന്ന് വിശ്വസിക്കുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റങ്ങള്‍ അതിന് തെളിവാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിനൊപ്പം മാധ്യമങ്ങളും ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കാനും മുഖ്യമന്ത്രി തുനിഞ്ഞിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം സര്‍ക്കാരിന് ഇല്ലാതായിരിക്കുന്നു. മന്ത്രിമാര്‍ പലവഴിക്കാണ്. സിപിഎം മന്ത്രിമാര്‍ പോലും മുഖ്യമന്ത്രിയുടെ സമീപനത്തില്‍ തൃപ്തരല്ല. കളങ്കിതരായ വ്യക്തികളേയും അവതാരങ്ങളേയും ആശ്ലേഷിക്കുന്ന നടപടികളോട് കടുത്ത വിയോജിപ്പ് ഘടകകക്ഷികള്‍ക്കുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ആകുന്നില്ല. ഭരണത്തിന് കടിഞ്ഞാണില്ലാതായിരിക്കുന്നു. അത് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. അത് നിര്‍വഹിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മുഖം വികൃതമാകുമ്പോള്‍ കണ്ണാടി ഉടക്കുന്നതിന് സമമാണ്. ഇത് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്ക് പ്രയാസമായിരിക്കാം. പക്ഷേ ജനങ്ങളത് തിരിച്ചറിയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: