കണ്ണൂര്‍: കൊലക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ പ്രതിയെ മുന്നില്‍ നിര്‍ത്തി കണ്ണൂര്‍ ജില്ലയിലെ ചില സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ നേതൃത്വം നടത്തിയ ഉന്നതതല ഗൂഢാലോചന. പാര്‍ട്ടി നയിക്കുന്ന സംസ്ഥാന ഭരണകൂടത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മറച്ചുവെയ്ക്കാനും വഴിതിരിച്ചുവിടാനുമുളള നീക്കമാണ് ആരോപണങ്ങള്‍ പിന്നിലെന്ന് വ്യക്തമാകുന്നു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ സ്വയം പ്രതിരോധത്തിലാവുകയും കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലടക്കം പാര്‍ട്ടി സംവിധാനം പൂര്‍ണ്ണമായും നിര്ജ്ജീവവസ്ഥയിലാണ്. ഇത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടിയെ സജീവമാക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ സിപിഎം നേതാക്കള്‍ മെനഞ്ഞെടുത്ത കളളക്കഥകളാണ് ഇന്നലെ സിപിഎം നേതാക്കളോടൊപ്പം പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പി.കെ. ചാത്തു കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിളിച്ചു പറഞ്ഞത്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി സ്വയം പ്രതിരോധത്തിലായപ്പോഴെല്ലാം ഒന്നുകില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയും ദുരാരോപണങ്ങളുന്നയിച്ചും മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പരോളിലിറങ്ങിയ തടവുപുളളിയെ മുന്‍നിര്‍ത്തിയുളള പുതിയ നീക്കം.
സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ കോടികള്‍ തട്ടിയെടുത്തുവെന്ന രീതിയിലാണ് ഇയാള്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ആരോപണം ഉന്നയിച്ചത്. ബിജെപിയില്‍ നിന്നും പുറത്താക്കി ഡിവൈഎഫ്ഐയിലെത്തി നേതാവായ കണ്ണൂരില്‍ സഖാവിന്റെ സാന്നിധ്യത്തിലായിരുന്നു പരോള്‍ പ്രതിയുടെ വാര്‍ത്താ സമ്മേളനം. കരിങ്കല്‍ ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസില്‍ നേതാക്കള്‍ മധ്യസ്ഥം വഹിച്ച് പണംതട്ടിയെന്ന വ്യാജ ആരോപണമാണ് ചാത്തു ഉന്നയിച്ചത്. ക്വാറിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നിരവധി കേസുകള്‍ നടക്കുകയാണ്. ഇങ്ങനെ കോടതിയുടെ മുന്നിലുളള വിഷയത്തില്‍ എങ്ങനെ മധ്യസ്ഥം സാധ്യമാകുമെന്നതിന് ആരോപണം ഉന്നയിച്ച വ്യക്തിക്കോ സിപിഎമ്മിനോ ഉത്തരമില്ല. മാത്രമല്ല ആരോപണം സംബന്ധിച്ച് യാതൊരു രേഖകളും ചാത്തുവിന്റെ കൈയ്യിലില്ലായിരുന്നു. ആരോപണം ഉന്നയിച്ച ചാത്തുവിനെ കൊലപാതകെ നടത്തിയത്തിന്റെ പേരില്‍ ബിജെപിയടക്കമുളള സംഘടനകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പുറത്താക്കിയിരുന്നു. അതിനിടെ പരോളിലിറങ്ങിയ പ്രതി പൊതുവേദിയിലെത്തി വാര്‍ത്താ സമ്മേളനം നടത്തിയ സംഭവവും വിവാദമായിട്ടുണ്ട്. തടവുപുളളിക്ക് സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ സംവിധാനമായ ലൈബ്രറി കൗണ്‍സില്‍ ഹാള്‍ അനുവദിച്ചതിനെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്.
മാത്രമല്ല ആരോപണ വിധേയരായ സംഘപരിവാര്‍ നേതാക്കളോട് സംഘടനാപരമായ വിയോജിപ്പും വ്യക്തിപരമായ എതിര്‍പ്പുമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വളരെ ആഴത്തില്‍ ജനസ്വാധീനമുളള സംഘപരിവാര്‍ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുമുളള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കണ്ണൂരിലെ മുന്‍ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസിലെ പ്രതിയായ ജയരാജന് പ്രസ്തുത കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനും കൂടിയായ സംഘപരിവാര്‍ നേതാവിനെ ഉള്‍പ്പെടെ കളളക്കേസില്‍ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാത്രമല്ല പാര്‍ട്ടിയില്‍ പിന്തളളപ്പെട്ട ജയരാജന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം കുത്സിത നീക്കങ്ങള്‍ പിന്നിലെന്ന് പറയപ്പെടുന്നു. പാര്‍ട്ടിക്കാരോടൊപ്പം വാര്‍ത്താ സമ്മേളനത്തിലെത്തിയ ചാത്തുവും ആളുകളും സിപിഎമ്മില്‍ ചേരാന്‍ തീരുമാനമെടുത്തതായും പാര്‍ട്ടി നേതൃത്വം ചില വാഗ്ദാനങ്ങള്‍ നല്‍കിയതായ വിവരവും പുറത്തു വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: