തിരുവനന്തപുരം: കേരളത്തിന്റെ ഐടി വിപ്ലവത്തിന് തുടക്കമിട്ട് ഈ മേഖലയിലെ വന്‍ സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയും സംഭവബഹുലമായ 30 വര്‍ഷം കൊണ്ട് 450 കമ്പനികളിലേയ്ക്കും അവയിലെ 62,000 ജീവനക്കാരിലേയ്ക്കും വളരുകയും ചെയ്ത തിരുവനന്തപുരം ടെക് നോപാര്‍ക്ക് മുപ്പതാം ജന്മദിനത്തില് കൊവിഡ്-19 കാലത്തിനുശേഷമുള്ള മാറ്റങ്ങള്‍ മനസിലാക്കി മുന്നോട്ട്.
കൊവിഡ് കാലത്തിനുശേഷം ജോലി സ്ഥലങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ടെക് നോപാര്ക്കിന് ആകാംക്ഷകളും പ്രതീക്ഷകളുമുണ്ടെന്നും ഐടി പാര്‍ക്ക്സ് കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ശശി പി.എം പറഞ്ഞു. ഇതിനൊപ്പം തന്നെ സുരക്ഷിതവും ഹരിതവുമായ ക്യാമ്പസ്, മികച്ച പ്രൊഫഷനലുകളെ ലഭിക്കുന്ന സ്ഥലം എന്നീ മികവുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംയോജിപ്പിക്കുമ്പോള്‍ ടെക് നോപാര്ക്കിനു മുന്നിലുള്ള ശുഭോദര്‍ക്കമായ ഭാവിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നായ ടെക് നോപാര്‍ക്ക് ലോകത്തിലെ തന്നെ മികച്ച ഹരിത ക്യാമ്പസുകളിലൊന്നാണ്. 1990 ജൂലൈ 28-ന് നിലവില്‍ വന്ന ടെക് നോപാര്‍ക്ക് വികസനം, അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, പരിസ്ഥിതി സൗഹാര്‍ദ്ദം എന്നിവയിലൊന്നും ഇതുവരെ പിന്നാക്കം പോയിട്ടില്ലെന്ന് ശശി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കയറ്റുമതി, വരുമാനം, കമ്പനികളുടെ എണ്ണം, തൊഴിലവസരങ്ങള്‍ മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. 2018-19ല്‍ കയറ്റുമതി തലേ വര്‍ഷത്തെ അപേക്ഷിച്ച് 8.5 ശതമാനം വര്‍ധിച്ചു. 2016-ല്‍ 5000 കോടിയുടേതായിരുന്നു കയറ്റുമതിയെങ്കില്‍ 2018-19ല്‍ അത് 7000 കോടി രൂപയുടേതായിരുന്നു. 2016-ല്‍ നിന്നുള്ള കയറ്റുമതി വര്‍ധന 40 ശതമാനമായിരുന്നു. 2016-ല്‍ നിന്ന് പതിനായിരം തൊഴിലവസരങ്ങള്‍ വര്‍ധിച്ച് 2020 മാര്‍ച്ചില്‍ നേരട്ടുള്ള മൊത്തം തൊഴിലവസരങ്ങള്‍ 62,000 ആയി.
നിസാന്‍ ഡിജിറ്റല്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ടെറാനെറ്റ്, വേ ഡോട്ട് കോം, എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ ടെക് നോപാര്‍ക്കില്‍ സാന്നിധ്യമറിയിച്ചത് ഈ കാലഘട്ടത്തിലാണ്. 27.5 കോടി രൂപയുടെ നിക്ഷേപവും 1610 തൊഴിലവസരങ്ങളുമാണ് ഇവയിലൂടെ മാത്രം ലഭിച്ചത്. 2018 ഒക്ടോബര്‍ 12-ന് നിലവില്‍ വന്ന ടെക് നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ നിര്‍ദ്ദിഷ്ട ടോറസ് ഡൗണ്‍ ടൗണ്‍ പ്രോജക്ടില്‍ ഐടി മേഖലയ്ക്കും വാണിജ്യസ്ഥാപനങ്ങള്ക്കുമായുള്ള നിര്‍മിത സ്ഥലം 57 ലക്ഷം ചതുരശ്ര അടിയാണ്. നേരിട്ട് കാല്‍ലക്ഷം പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിക്കുക.
സിഎംഎംഐ ലെവല്‍-4, ഐഎസ്ഒ 9001:20125, ഐഎസ്ഒ 14001:2015, ഒഎച്ച്എസ്എഎസ് 18001:2001 എന്നീ അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ടെക് നോപാര്ക്കിനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: