കുളമാവ്: പ്രളയത്തില്‍ തകര്‍ന്ന കുളമാവ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. അടുത്തമാസം ഉദ്ഘാടനം ചെയ്യത്തക്ക രീതിയില്‍ പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണം നടന്ന് വരികയാണ്.
മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകള്‍ ഒരുമിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ജോലികള്‍ പൂര്‍ത്തിയാകുന്നത്. 3800 ചതുരശ്ര അടിയുള്ള ഇരുനിലകെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി. വയറിങ്, പ്ലബിങ് അടക്കമുള്ള ജോലികള്‍ കഴിഞ്ഞു. കാലപഴക്കത്താല്‍ നാശത്തിന്റെ വക്കിലെത്തിയ കുളമാവ് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം വേണമെന്നുള്ളത് വര്‍ഷങ്ങളായിട്ടുള്ള ആവശ്യമായിരുന്നു. ഇതിനിടെ 2018ലെ പ്രളയത്തില്‍ മണ്ണിടിഞ്ഞ് പോലീസ് സ്റ്റേഷന് തകര്‍ന്നതോടെ കെഎസ്ഇബിയുടെ പഴയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന് മാറ്റുകയായിരുന്നു.
സര്‍ക്കാര്‍ ഏജന്‍സിയായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരളയ്ക്കാണ് (സില്‍ക്) നിര്‍മ്മാണ ചുമതല. അവസാന മിനുക്ക് പണികളും പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യത്തിനാണ് പൂര്‍ത്തീകരണമാകുന്നത്.
മന്ദിരത്തിലെ സൗകര്യങ്ങള്‍:
1. എസ്എച്ച്ഒ, എസ്ഐ, റൈറ്റര്‍ എന്നിവര്‍ക്കുള്ള റൂം, 2. ഫ്രണ്ട് ഓഫീസ്, 3 ശുചിമുറികള്‍, 4. ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ കേന്ദ്രം, 5. ആംസ് റൂം, 6. റെക്കാഡ് ഫയല്‍ റൂം, 7. പുരുഷന്മാര്ക്കും വനിതകള്‍ക്കും പ്രത്യേക ലോക്കപ്പുകള്‍, 8. തൊണ്ടിമുതല്‍ സൂക്ഷിക്കാനുള്ള റൂം, 9. കണ്ട്രോള് റൂം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: