കൊല്ലം: ടാങ്കര്‍ലോറി അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നിയമവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും കടലാസില്‍ ഉറങ്ങുമ്പോള്‍ റോഡിലും നാട്ടിലും ഭീതി വിതച്ച് ടാങ്കര്‍ലോറി അപകടങ്ങള്‍ പെരുകുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ടാങ്കറുകള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതും റോഡില്‍ ചീറി പായുന്നതും നിമിത്തം അപകടങ്ങള്‍ പെരുകുന്നുവെന്നാണു പോലീസ് തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചാത്തന്നൂരില്‍ അപകടത്തില്‍പെട്ട ടാങ്കര്‍ലോറിക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജിപിഎസ് സംവിധാനം ഇല്ല. ഇരട്ട ഡ്രൈവര്‍മാര്‍ ഇല്ല. നാഷണല്‍ പെര്‍മിറ്റുള്ള ടാങ്കര്‍ ലോറികളില്‍ ഇരട്ട ഡ്രൈവര്‍ വേണമെന്ന നിയമം പോയിട്ട് ക്ലീനര്‍ പോലും ഇല്ലായിരുന്നു. ഗ്യാസ് ടാങ്കര്‍ ലോറിക്കു പുറമെ വിമാനത്തില്‍ ഉപയോഗിക്കുന്ന അത്യുഗ്ര സ്ഫോടന ശക്തിയുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ ടാങ്കര്‍ ലോറി കാരണവും നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
ഈ വര്‍ഷം ജൂണ്‍ വരെ കേരള പോലീസിന്റെ കണക്കുപ്രകാരം അഞ്ചോളം പെട്രോളിയം ഗ്യാസ് ടാങ്കര്‍ അപകടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഓടുന്ന ഗ്യാസ് ടാങ്കര്‍ ലോറികള്‍ ഗതാഗതനിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് 2014ല്‍ സംസ്ഥാന പോലീസ് മേധാവി ഓയില്‍ കമ്പനികളുടെ കേരളത്തിലെ മേധാവികള്‍ക്ക് കത്തയച്ചിരുന്നു.
വാഹനങ്ങളുടെയും ടാങ്കറിന്റെയും കൃത്യമായ മെയിന്റനന്‍സ്, ടയര്‍ പരിപാലനം, ടയര്‍ പ്രഷര്‍ പരിശോധന എന്നിവ നടത്താത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതും അവരെ ഓവര്‍ടൈം ചെയ്യിക്കുന്നതും കൂടെ ഒരു ക്ലീനര്‍ പോലുമില്ലാതെ വാഹനങ്ങള്‍ ഓടിപ്പിക്കുന്നതും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിലുണ്ടായ ടാങ്കര്‍ലോറി അപകടങ്ങളില്‍ പലതിലും ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: