തളിപ്പറമ്പ്: പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം സ്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷയാകുന്നു. കഴിഞ്ഞ വര്‍ഷം വരെ ജില്ല ഹബ്ബില്‍ നിന്ന് പാഠപുസ്തകങ്ങള്‍ സ്കൂള്‍ സഹകരണ സംഘത്തില്‍ എത്തിക്കുമായിരുന്നു. അതിനുള്ള വാഹന വാടക, കയറ്റിറക്കു കൂലി എന്നിവയും സര്‍ക്കാര്‍ സംവിധാനമായ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് വഹിച്ചത്.
ഈ വര്‍ഷം സംവിധാനമെല്ലാം മാറി. ഹബ്ബുകളില്‍ പാഠപുസ്തകം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കുന്നത് കുടുംബശ്രീയെ ഏല്‍പ്പിച്ചു. അതുകൊണ്ടുതന്നെ മുന്‍ വര്ഷങ്ങളിലേതിനേക്കാള് മൂന്നു മാസം വൈകിയാണ് പുസ്തകങ്ങള്‍ സ്കൂളിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാഠപുസ്തകങ്ങള്‍ സ്കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചിലും അതിനുള്ള സംവിധാനമുണ്ടായില്ല. അതിനിടെ, കൊറോണ വ്യാപനവും ലോക്ഡൗണുമായി.
പുതിയ സംവിധാനമനുസരിച്ച് ഓരോ സംഘം സെക്രട്ടറിമാരും വാഹനവുമായി ജില്ലാ ഹബ്ബിലെത്തണം. വനിതകളായ സെക്രട്ടറിമാര്‍ക്ക് കിലോമീറ്ററുകള്‍ അകലെയുള്ള ഹബ്ബില്‍ പോയുള്ള പാഠപുസ്തകം കൈപ്പറ്റലില് പ്രയാസമേറെയാണ്. വാഹനത്തിനുള്ള ചെലവ് ആരു വഹിക്കുമെന്നതില്‍ ഒരു അറിയിപ്പും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നിര്‍ദേശിച്ച ദിവസവും സമയത്തുമെടുത്തില്ലെങ്കില് അധികൃതരുടെ ഭാഗത്തു നിന്നുള്ള ഭീഷണി വേറെ.
മിക്ക ജില്ലകളിലും വിതരണം ആരംഭിച്ച അന്നു മുതല്‍ രാത്രിയാണ് പാഠപുസ്തകങ്ങള്‍ സ്കൂള്‍ സഹകരണ സംഘങ്ങളിലെത്തുന്നത്. ചുമട്ട് തൊഴിലാളികളുള്ള സ്ഥലമാണെങ്കില്‍ സമയം വൈകിയതിനാല്‍ കൂലി ഇരട്ടി കൊടുക്കണം. ചുമട്ടുകാരില്ലെങ്കില് സെക്രട്ടറി തന്നെ പുസ്തകമിറക്കി സുരക്ഷിതമായി മുറിയില്‍ സൂക്ഷിക്കണം.
അടുത്ത ദിവസം മുതല്‍ തരംതിരിക്കുകയെന്ന യജ്ഞം ആരംഭിക്കുകയായി. അധ്യാപകരും വിദ്യാര്‍ഥികളുമാണ് സ്കൂള്‍ സഹകരണ സംഘങ്ങളിലെ അംഗങ്ങളെന്നതിനാല്‍ മിക്ക സെക്രട്ടറിമാര്‍ക്കും ആരുടെയും സഹായം ലഭിക്കാനും വിഷമം. സഹകരണ സംഘത്തിനാണെങ്കില്‍ സൗജന്യ പുസ്തകം കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ പണം നല്കാത്തതിനാല് സഹകരണ സംഘത്തിന്റെ പണമെടുത്ത് ചെലവഴിക്കാനും വകുപ്പില്ല. സംഘത്തിന്റെ വാര്‍ഷിക കണക്ക് സംസ്ഥാന സഹകരണ വകുപ്പ് ഓഡിറ്റ് ചെയ്യും. ഓഡിറ്റ് പ്രകാരം ലാഭത്തിലാണെങ്കില്‍ ബൈലോ അനുശാസിക്കുന്ന വിധത്തില്‍ സെക്രട്ടറിക്ക് ഓണറേറിയം എടുക്കാം. നഷ്ടമാണെങ്കില്‍ അതും ലഭിക്കില്ല. നഷ്ടം കാരണം പൂട്ടിപ്പോയ സ്കൂള്‍ സഹകരണ സംഘങ്ങളുടെ എണ്ണമേറെയാണ്.
എം.ആര്. മണിബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: