തളിപ്പറമ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷ്യ കിറ്റിന് ടിസി വാങ്ങിപ്പോയ കൂട്ടികള്‍ പഴയ വിദ്യാലയത്തില്‍ത്തന്നെ പോകണം. 2019-20 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.
ഈ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച ശേഷം എല്‍പി മാത്രമുള്ള വിദ്യാലയങ്ങളില്‍ നിന്നും ടിസി വാങ്ങി യുപി സ്കൂളിലും യുപി സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ടി.സി വാങ്ങി ഹൈസ്കൂളിലും അഡ്മിഷന് നേടിക്കഴിഞ്ഞു. ഇവര്‍ ഭക്ഷ്യക്കിറ്റിനായി വീണ്ടും പഴയ വിദ്യലായത്തെ സമീപിക്കണം. ജില്ല മാറി വന്ന ഉച്ചഭക്ഷണ പദ്ധതി ഗുണഭോക്താക്കളായിരുന്ന കുട്ടികള്‍ക്ക് കിറ്റ് വാങ്ങുന്നതിന് പഴയ വിദ്യാലയത്തില്‍ പോവുക പ്രയാസ്സമാകും.
കിറ്റ് വിതരണത്തിന് ഇപ്പോള്‍ കുട്ടി പഠിക്കുന്ന വിദ്യാലയത്തില്‍ സംവിധാനം ഒരുക്കുന്നതാണ് രക്ഷിതാക്കള്‍ക്ക് സൗകര്യം. മിക്ക വിദ്യാലയങ്ങളും 2020-21 വര്‍ഷത്തെ കുട്ടികളെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ വേണ്ട വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ കിറ്റ് വിതരണം സംബന്ധിച്ച നിബന്ധന രക്ഷിതാക്കളേയും സ്ക്കൂള് അധികൃതരേയും വിഷമവൃത്തത്തിലാക്കും.
കിറ്റ് വിതരണം നടത്തുന്നത് 2019-20 വര്‍ഷമാണ് പരിഗണിക്കുന്നതെങ്കില്‍ ജൂണ്‍, ജൂലൈ മാസത്തെ ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ചെയ്യുന്നത് 2020-21 വര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയുടെ നിര്ദ്ദേശത്തില്പ്പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: