കോഴിക്കോട്: മഴ കനത്തതോടെ മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍. കാവിലുമ്പാറ, വട്ടിപ്പന, വിലങ്ങാട്, തിരുവമ്പാടി, കുടരഞ്ഞി, താമരശ്ശേരി, കട്ടിപ്പാറ എന്നിവടങ്ങളാണ് കടുത്ത ഭീഷണിയില്‍. നിരന്തരം ഉരുള്‍പൊട്ടലുണ്ടാകുന്ന പ്രദേശങ്ങളാണിവ. അതീവ പരിസ്ഥിതി ലോലം ശക്തമായ മലവെള്ളപ്പാച്ചിലുള്ള മേഖലകള്‍.
പലയിടത്തും അതീവ ഭീഷണിയായി കരിങ്കല്‍ ക്വാറികളും സജീവമാണ്. നിരന്തരം ഉരുള്‍പൊട്ടി ഭൂമിയുടെ സ്വാഭാവികതക്കും കോട്ടം തട്ടിയിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയായ കാവിലുംപാറ – വട്ടിപ്പന നിവാസികള്‍ കടുത്ത ഭീതിയിലാണ്. ചെങ്കുത്തായ പ്രദേശമാണിത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് കാവിലുംപാറ. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് വട്ടിപ്പന.
ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള ഈ മേഖലയില്‍ പാറപൊട്ടിക്കല്‍ തകൃതിയിലായതോടെ പ്രദേശവാസികളുടെ ഭീതിയും ഇരട്ടിക്കുന്നു. സ്ഫോടനം കാരണം സമീപത്തെ വീടുകള്‍ക്കു വിള്ളലുകള്‍ ഉണ്ടാകുന്നത് പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി നിരവധി ജീവനുകള്‍ പൊലിഞ്ഞ കരിഞ്ചോല മലയ്ക്ക് സമാനമായ സാഹചര്യമാണ് വട്ടിപ്പനയിലും. മലയടിവാരത്ത് നിരവധി കുടുംബങ്ങള്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: