മാഡ്രിഡ്: ബാലന് ഡി ഓര്, ഫുട്ബോള്‍ ലോകത്തെ അഹങ്കാരമായ പുരസ്കാരങ്ങളില് ഒന്നാണത്. താരങ്ങളെ സൂപ്പര്‍ താരമാക്കുന്നതും ഇതിഹാസമാക്കുന്നതും ഇത്തരം പുരസ്കാരങ്ങളാണ്. ഫിഫ പുരസ്കാരം കഴിഞ്ഞാല്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ബാലന് ഡി ഓറില്‍ ഇത്തവണ പുത്തന്‍ താരോദയം ഉണ്ടാവുമോ? 2020 പകുതി ദൂരം പിന്നിടുമ്പോള്‍ സ്ഥിരം വിജയികള്‍ക്ക് പുറമെ മറ്റ് ചിലരും മത്സരയോട്ടത്തിലാണ്.
കഴിഞ്ഞ വര്‍ഷം ലയണല്‍ മെസി, അതിന് മുമ്പ് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, അതിനും മുമ്പ് രണ്ട് തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ… ഫിഫയില്‍ നിന്നും വേറിട്ട ശേഷമുള്ള ബാലന് ഡി ഓര് ജേതാക്കളുടെ നിരയാണിത്. കൊറോണ ഭീതിയില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഇടവേള വന്നെങ്കിലും 2020 ബാലന് ഡി ഓറിനായി ഒരുപിടി താരങ്ങള്‍ ഓട്ടത്തിലാണ്.
ബുണ്ടസ്ലിഗയില് ബയേണ്‍ മ്യൂണിക്കിന് കിരിടം ഉറപ്പിച്ച റോബര്‍ട്ട് ലെവന്‍ഡോസ്കി, 2020ലെ ബാലന് ഡി ഓര് നേടുമെന്നാണ് പല കായിക നിരീക്ഷകരുടെയും വിലയിരുത്തല്‍. മുപ്പത്തൊന്നുകാരനായ ലെവന്‍ഡോസ്കി, സീസണില്‍ 31 മത്സരങ്ങളില്‍നിന്ന് 34 ഗോളുകള്‍ നേടി. ഗോള്‍ നേട്ടത്തില്‍ മറ്റു താരങ്ങളെക്കാള്‍ മുന്നിലുള്ള ലെവന്‍ഡോസ്കി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ആദ്യ ബാലന് ഡി ഓര് പുരസ്കാരമാണ് ഇത്തവണ ലെവന്‍ഡോസ്കി നോട്ടമിടുന്നത്.
അഞ്ച് തവണ ബാലന് ഡി ഓര് നേടിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇത്തവണ പുരസ്കാരം നേടുമെന്നാണ് വിലയിരുത്തല്‍. യുവന്റസിനായി മിന്നുന്ന പ്രകടനം നടത്തുന്ന താരം കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയിരുന്നു.
ആറ് തവണ ബാലന് ഡി ഓര് എന്ന റെക്കോഡ് നേട്ടം കൈവരിച്ച അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയും ബാലന് ഡി ഓറിനായി മുന്നില്‍ തന്നെ. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി ബാഴ്സ കിരീടം ഉയര്‍ത്തിയാല്‍ മെസിക്ക് നിര്‍ണ്ണായകമാകും.
പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ തട്ടിയെടുത്തെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന് ഡു ബ്രെയ്നും ബാലന് ഡി ഓര് പ്രതീക്ഷയിലാണ്. സിറ്റിയുടെ മധ്യനിര താരമായ ഡു ബ്രെയ്ന്‍ ഇതുവരെ പതിനാറ് അസിസ്റ്റുകള്‍ നല്കി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ അസിസ്റ്റുകള്‍ എന്ന റെക്കോഡ് നേടാന്‍ താരത്തിന് അഞ്ച് അസിസ്റ്റുകള്‍ കൂടി മതി. ബയേണിന്റെ തന്നെ മറ്റൊരു താരം തോമസ് മുള്ളറും റയല്‍ മാഡ്രിഡിന്റെ കരീം ബന്‍സേമയും പിഎസ്ജിയുടെ നെയ്മറും ബാലന് ഡി ഓറിനായുള്ള ഓട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: