മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടു. കരിയറില്‍ എഴുനൂറ് ഗോളുകളെന്ന സ്വപ്നതുല്യമായ നേട്ടമാണ് ഈ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സ്വന്തമാക്കിയത്. ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് ബാഴ്സലോണ താരമായ മെസി ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. പക്ഷെ മത്സരം സമനിലയായി. ഇത് ബാഴ്സയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ അമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസി ഗോള്‍ അടിച്ചത്്. ബാഴ്സയ്ക്കായി കളിച്ച 724 മത്സരങ്ങളില്‍ മെസിയുടെ 630-ാം ഗോളാണിത്. അര്‍ജന്റീനയ്ക്കായി 138 മത്സരങ്ങളില്‍ മെസി എഴുപത് ഗോളുകളും കുറിച്ചിട്ടുണ്ട്. ബാഴ്സയ്ക്കായി കളിച്ച സൗഹൃദ മത്സരങ്ങളിലെ ഗോളുകള്‍ കൂടി കണക്കിലെടുത്താല്‍ മെസിയുടെ ഗോളുകളുടെ എണ്ണം 735 ആകും.
2005 മെയ് ഒന്നിനാണ് മെസി ബാഴ്സയ് ക്കായി ആദ്യഗോള്‍ അടിച്ചത്. ന്യൂകാമ്പില്‍ അരങ്ങേറിയ മത്സരത്തില്‍ അല്ബാസെറ്റയ്ക്കെതിരെയായിരുന്നു ആദ്യ ഗോള്‍. റൊണാള്‍ഡീഞ്ഞോ നല്കിയ പാസാണ് മെസി വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നീട് മെസിയുടെ ബൂട്ടില്‍ നിന്നും ഗോളുകള്‍ പിറന്നുകൊണ്ടിരുന്നു.
2012 ലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. എതിര് പോസ്റ്റുകളില്‍ 91 ഗോളുകള്‍ അടിച്ചുകയറ്റിയതോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ 75 ഗോളുകളെന്ന റെക്കോഡാണ് പഴങ്കഥയായത്.
ഇനിയും ഒട്ടേറെ റെക്കോഡുകള്‍ മെസിയെ കാത്തിരിപ്പുണ്ട്. ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പെലെയുടെ റെക്കോഡ് തകര്‍ക്കാന്‍ മെസിക്ക് ഇനി 13 ഗോളുകള്‍ കൂടി മതി. നിലവില്‍ ബാഴ്സയ് ക്കായി 724 മത്സരങ്ങള്‍ കളിച്ച മെസി ഏറെ താമസിയാതെ തന്നെ ബാഴ്്സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സാവി ഹെര്‍ണാണ്ടസിന്റെ (767 മത്സരങ്ങള്‍) റെക്കോഡ് മറി കടക്കും. മുപ്പത്തിമൂന്നുകാരനായ മെസി അടുത്ത സീസണ്‍വരെ ബാഴ്സലോണയില്‍ തുടരും. 2021 ലാണ് ബാഴസയുമായുളള മെസിയുടെ കരാര്‍ അവസാനിക്കുക.
മെസി ഗോള്‍ അടിച്ചെങ്കിലും ബാഴ്സലോണയ്ക്ക്് ജയിക്കാനായില്ല. അത്ലറ്റിക്കോ മാഡ്രിഡുമായി അവര്‍ സമനില പിടിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഈ സമനില ബാഴ്സയുടെ കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. 33 മത്സരങ്ങളില്‍ 70 പോയിന്റുളള ബാഴ്സ രണ്ടാം സ്ഥാനത്താണ്. ബാഴസയെക്കാള് ഒരു മത്സരം കുറച്ചുകളിച്ച റയല്‍ മാഡ്രിഡ്് 71 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: