മുംബൈ: വൈറസ് പ്രതിരോധത്തില്‍ മുന്‍നിര പോരാളിയായി നിന്ന്, വൈറസ് ബാധിതനായി, മരണത്തെ തോല്‍പ്പിച്ച് മുംബൈയിലെ ഒരു ഡോക്ടര്‍. ശിവസേന സ്ഥാപകന്‍ ബാലസാഹെബ് താക്കറെ, നടന് ദിലീപ് കുമാര്‍ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികളുടെ ഡോക്ടറായ ജലീല്‍ പാര്‍ക്കര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തനായത് ഡോക്ടേഴ്സ് ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും ആവേശവുമായി.
മഹാരാഷ്ട്രയിലെ ലീലാവതി ആശുപത്രിയില്‍ ഇരുനൂറിലധികം കൊറോണ രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. ഒടുവില്‍ അദ്ദേഹവും വൈറസ് ബാധിതനായി. ചികിത്സയിലായിരുന്നപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും അദ്ദേഹം പറയുന്നു. രോഗികളെ പരിചരിക്കുന്നതിനിടെ പെട്ടന്നൊരു ദിവസം പുറംവേദനയോടെയായിരുന്നു തുടക്കം.
പനിയുടെ ലക്ഷണങ്ങളോ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആരോഗ്യ സ്ഥിതി വഷളായി. ലീലാവതി ആശുപത്രിയില്‍ നിന്ന് ഉടന്‍ തന്നെ ആംബുലന്‍സ് ഏര്‍പ്പാടാക്കി. ആദ്യം സിടി സ്കാന്‍ എടുത്തു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പെട്ടെന്ന് തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. രുചിക്കാനും മണക്കാനുമുള്ള കഴിവ് നഷടപ്പെട്ടു, അദ്ദേഹം പറഞ്ഞു.
പിന്നീട് ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്റെ തൊട്ടടുത്ത് തന്നെ ഭാര്യയേയും അഡ്മിറ്റ് ചെയ്തു. തളര്‍ന്ന് പോകരുതെന്നും, വൈറസ് ബാധയെ തരണം ചെയ്യണമെന്നുമുള്ള ബോധ്യമുണ്ടായിരുന്നു. കാരണം, തളര്‍ന്നുപോയാല്‍ ഭാര്യയേയും കുടുംബത്തേയും ആരു നോക്കുമെന്ന ചിന്തയായിരുന്നു. ശരിക്കും പേടിയുമുണ്ടായിരുന്നു. കാരണം വൈറസ് ബാധിതനായ ഒരാളെ ചികിത്സിക്കുന്നതും സ്വയംബാധിതനാകുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഞാന്‍ മരണത്തെ തോല്‍പ്പിച്ചു. എന്റെ ഒപ്പമുള്ളവരുടെ പിന്തുണയും പരിചരണവും കൊണ്ടാണ് എനിക്കതിനായത്. എന്നെ പരിചരിച്ചവരില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായി. വിലമതിക്കാനാകാത്തതാണ് അവരുടെ പ്രവൃത്തി, പാര്‍ക്കര്‍ പറഞ്ഞു.
വൈറസ് ബാധിതനായി രോഗമുക്തി നേടിയ ഒരാളെ അതിന്റെ പേരില്‍ മാറ്റിനിര്‍ത്താന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടണം. ഞാനും വൈറസ് ബാധിതനായിരുന്ന ആളാണ്. എന്നോടാരെങ്കിലും മോശമായ രീതിയില്‍ പെരുമാറിയാല്‍ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: