ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ചുള്ള രാഷ്ട്രീയ വിവാദത്തില്‍ പലതും മറുപടി അര്‍ഹിക്കാത്തതാണ്. ചതിയുടെയും വഞ്ചനയുടെയും പാരമ്പര്യമുള്ള ചൈനയെ കോണ്‍ഗ്രസും പ്രധാനമന്ത്രി നെഹ്റുവും ഏറെ വിശ്വസിച്ചിരുന്നു. ‘ഇന്ത്യാ ചീനാ ഭായി ഭായി’ എന്ന മന്ത്രം നെഹ്റുവും കോണ്‍ഗ്രസും ഉരുവിട്ടതിന്റെ മാറ്റൊലി കെട്ടടങ്ങും മുമ്പ് ചൈനയുടെ ചതി ഇന്ത്യ കണ്ടു. 1962ല്‍ ചൈന ഓര്‍ക്കാപ്പുറത്ത് കയറികളിച്ചതിന്റെ ക്ഷീണം ഇന്നും മാറാതെ കിടക്കുന്നു. നിഷ്ക്രിയനായ പ്രധാനമന്ത്രിയാണ് 45 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ ഭൂമി ചൈനക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കിയത്. അതിനെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ ”പുല്ലുപോലും മുളയ്ക്കാത്ത ഭൂമിയാണത്” എന്നാണ് നെഹ്റു പ്രതികരിച്ചത്. പുല്ലുമുളയ്ക്കാത്ത ഭൂമി ചൈന എന്തുകൊണ്ട് കൈവശം വയ്ക്കുന്നു എന്ന ജനസംഘം ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കോണ്‍ഗ്രസ് ഇന്നും മറുപടി നല്‍കിയിട്ടില്ല. അന്ന് രണ്ടാമത്തെ പാര്‍ട്ടിയായ കമ്യൂണിസ്റ്റുകാരുടെ പിന്‍ബലമാണ് കോണ്‍ഗ്രസിന് തുണയായത്. സ്ഥിതി അന്നും ഇന്നും വലുതായിട്ടൊന്നും മാറിയിട്ടില്ല. ഏറ്റവും ഒടുവില്‍ ചൈനയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ചുള്ള വിവാദത്തില്‍ സിപിഎം പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. ചൈനപോലും അംഗീകരിക്കാത്ത ആരോപണത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്നറിയുമ്പോഴാണ് കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാകുന്നത്. കോണ്‍ഗ്രസ് ചൈനയില്‍ നിന്നും വന്‍തോതില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ പറ്റുകയും പലവിധ കരാറുകളില്‍ ഏര്‍പ്പെട്ടതായുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 2007ലും 2008ലും കോണ്‍ഗ്രസ് വന്‍തുക ചൈനയില്‍ നിന്നും കൈപ്പറ്റിയതായി വെളിവാക്കപ്പെട്ടു. രാജീവ്ഗാന്ധി ഫൗണ്ടേഷന് വഴിയാണ് പണം സ്വീകരിച്ചത്. കോണ്‍ഗ്രസിന് പണം പറ്റാനുള്ള ഫൗണ്ടേഷനുകള്‍ വേറെയുമുണ്ട്. നെഹ്റു ഫൗണ്ടേഷന്, ഇന്ദിരാ ഫൗണ്ടേഷന് തുടങ്ങി പലതും. കോണ്‍ഗ്രസ് അധ്യക്ഷനാണ് ഇവ വഴി ലഭിക്കുന്ന പണം കൈകാര്യം ചെയ്യാനുള്ള അധികാരം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അധ്യക്ഷപദം സോണിയാ കുടുംബത്തില്‍ തന്നെ ഒതുക്കി നിര്‍ത്തും. സീതാറാം കേസരിയെ ചവിട്ടി പുറത്താക്കിയത് ഫണ്ട് വിനിയോഗത്തിലെ അതൃപ്തിമൂലമെന്നത് പസ്യമായ രഹസ്യമാണ്. ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് കത്തിക്കയറുന്ന കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണ്. ചൈനയുമായി അവിഹിത സൗഹൃദം പുലര്‍ത്തുന്നത് കോണ്‍ഗ്രസാണ്. ഒറ്റുകാരെപ്പോലെയാണ് അവരുടെ പെരുമാറ്റം. അതിനുള്ള പാരിതോഷികം കോണ്‍ഗ്രസ് കൃത്യമായി പറ്റുകയും ചെയ്യുന്നുണ്ട്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും കോടികള്‍ കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവന്നു. ഇതോടെ ഇവര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനും ചൈനയുമായുള്ള ആഴമേറിയ രഹസ്യ ബന്ധം കൂടുതല്‍ വെളിവായിരിക്കുകയാണ്. വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാറില്‍, 2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്, കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒപ്പിട്ടിരുന്നുവെന്ന വിവരം പുറത്തുവന്നത് ദിവസങ്ങള്‍ക്കുള്ളിലാണ്. ചൈനയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും പഠനങ്ങള്‍ നടത്താ
നും മറ്റുമായി രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവ ചൈനീസ് എംബസിയില്‍ നിന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നും വന്‍തോതില്‍ പണം പറ്റിയെന്നും ചൈന ഈ സംഘടനകളുടെ പങ്കാളിയും സ്ഥിരം പണദാതാവും (ഡോണര്‍) ആയിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. രാജീവ് ഫൗണ്ടേഷന്റെ ‘2005-2006ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. ചൈനയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാക്കുന്ന കാര്യം പഠിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ഏല്‍പ്പിച്ചതായും ഇവര്‍ 2005-2006ല്‍ മാത്രം 300,000 ഡോളര്‍ (പതിനഞ്ച് കോടിയിലേറെ രൂപ) ചൈനീസ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇപ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷത്തിലും കോണ്‍ഗ്രസും സോണിയയും രാഹുലും അടക്കമുള്ള അതിന്റെ നേതാക്കളും ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നതും കടുത്ത നിലപാട് എടുത്ത മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതും ഈ ബന്ധത്തിന്റെ ഭാഗമാണെന്നു വേണം കരുതാന്‍. ഈ കണക്കുകള്‍ ഭാഗികമെന്നാണ് മുന്‍ ധനമന്ത്രി ചിദംബരം പറയുന്നത്. അതിന്റെ അര്‍ഥം ചൈനയുടെ പണം സ്വീകരിച്ചു എന്നാണല്ലോ. കോണ്‍ഗ്രസ് പ്രസിഡന്റുമാരായി 88 പേരെത്തിയിട്ടുണ്ട്. നെഹ്റു കുടുംബത്തില്‍പ്പെട്ടവരൊഴിച്ച് മറ്റാരും ശത്രുരാജ്യത്തിന്റെ സമ്പത്ത് സ്വീകരിച്ചതായി കേട്ടിട്ടില്ല. ഇത്തരം രാജ്യദ്രോഹം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന് ദേശീയകക്ഷി എന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ല. ഈ പ്രസ്ഥാനം പിരിച്ചുവിട്ട് രാജ്യത്തോട് ക്ഷമാപണം ചെയ്യുന്നതാണ് മര്യാദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: