ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്താരാവസ്ഥയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുരുക്ഷേത്രയെന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാറിനെതിരെ എന്തെങ്കിലും അച്ചടിച്ചാല്‍ ജയിലിലടയ്ക്കുമെന്നുറപ്പായിരുന്നു.
പ്രസിദ്ധീകരിക്കാന്‍ അനുവാദം ലഭിച്ച പത്രങ്ങളുടെ കോപ്പികള്‍ തലേ ദിവസം രാത്രി കളക്ട്രേറ്റില്‍ പോയി അനുവാദപത്രം വാങ്ങിച്ചാല്‍ മാത്രമേ അച്ചടിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോകസംഘര്‍ഷ സമിതിയുടെ കീഴില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരുക്ഷേത്ര അച്ചടിച്ച് വിതരണം ചെയ്തത്.
ഏകാധിപത്യ ഭരണത്തിന്റെ ക്രൂരതകള്‍, രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങള്‍, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ എന്നിവയായിരുന്നു കുരുക്ഷേത്രയുടെ ഉള്ളടക്കം. കുരുക്ഷേത്ര വിതരണം ചെയ്താലും വായിച്ചാലും കുറ്റകൃത്യമായിരുന്ന അക്കാലത്ത് കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രസ്സിലായിരുന്നുവെന്ന് അന്നത്തെ ഒളി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ സി.രത്നാകരന് പറയുന്നു.
‘ആദ്യമൊക്കെ മംഗലാപുരത്ത് വച്ചായിരുന്നു അച്ചടിച്ചത്. പരശുറാം എക്സ്പ്രസ്സില്‍ പോയി അവിടെ ഒരു ക്ഷേത്രത്തിന്റെ മുറിയില്‍ താമസിക്കും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അച്ചടിച്ച കുരുക്ഷേത്രയുടെ പ്രതികള്‍ കയ്യില്‍ കിട്ടും. കോളജ് വിദ്യാര്‍ത്ഥികളായ ചിലര്‍ അത് ട്രെയിനില്‍ കയറ്റിത്തരും. കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ഓറ്റോറിക്ഷ തൊഴിലാളികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അത് ട്രെയിനില്‍ നിന്നെടുത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കും. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സോമന്റെ സുഹൃത്ത് ഭാസ്കരനെ പരിചയപ്പെടുന്നത്.
വെസ്റ്റ്ഹില്ലില്‍ പ്രസ്സ് നടത്തുകയാണ് അദ്ദേഹം. കുരുക്ഷേത്ര അച്ചടിച്ച് തരാമോയെന്ന് ചോദിച്ചു. അച്ചടിക്കുന്നത് പോലീസ് കണ്ടെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് തുറന്നു പറഞ്ഞു. എന്നാല്‍ ഭയമൊന്നും കൂടാതെ ഭാസ്കരന് അത് ഏറ്റെടുക്കുകയായിരുന്നു. പരിചയപ്പെടുത്തിയ സോമന് പോലും അറിഞ്ഞിരുന്നില്ല പിന്നീട് കുരുക്ഷേത്ര അച്ചടിച്ചത് ഭാസ്കരന്റെ പ്രസ്സിലായിരുന്നുവെന്നത്’ രത്നാകരന് ഓര്‍ക്കുന്നു.
ഇന്ദിരാഗാന്ധിയുടെ ഭീകരമായ പോലീസ് മര്‍ദ്ദന മുറകളെ അതിജീവിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭം നടന്നത്. പോലീസിന്റെ രഹസ്യാന്വേഷണ സംവിധാനവും കോണ്‍ഗ്രസ്സുകാരുടെ ചാരപണിയും അതിജീവിച്ചാണ് കുരുക്ഷേത്രയുടെ ലക്കങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
പോലീസ് ഓഫീസര്‍ മാരുടെ വീടുകളിലും പോലീസ് സ്റ്റേഷനുകളിലെ ചുമരുകളിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ജനസംഘ,സോഷ്യലിസ്റ്റ് നേതാക്കളുടെ ഇടയിലും കൃത്യമായ ഇടവേളകളില്‍ കുരുക്ഷേത്ര എത്തിക്കൊണ്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇതിന്റെ വിതരണക്കാരായിമാറി. ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ആണയിടുന്നവര്‍ ഭയന്ന് മാളത്തില്‍ ഒളിച്ചപ്പോളാണ് ജനാധിപത്യത്തെ കൊലചെയ്ത ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ കുരുക്ഷേത്ര ഒളിവിലെ തെളിനാളമായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: