കോഴിക്കോട്: കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ ബിഎഎം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് അടിയ ന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് അന്ന് എബിവിപി മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന ഡോ. ആര്യദേവി ഓര്‍മ്മിക്കുന്നു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു വീടായ പാലപ്പുഴ മന. കുരുക്ഷേത്രയുടെ വിതരണമായിരുന്നു അന്നത്തെ ദൗത്യം.
അങ്ങാടിപ്പുറത്തെ വിവിധ വീടുകളില്‍ നിന്ന് കുരുക്ഷേത്രം വാങ്ങി എത്തിക്കാന്‍ പറയുന്ന സ്ഥലങ്ങളില്‍ എത്തിക്കും. അങ്ങാടിപ്പുറത്തെ സി.പി. ജനാര്ദ്ദനേട്ടനാണ് ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. മിക്കവാറും റെയില്‍പ്പാളത്തിലൂടെയായിരുന്നു യാത്ര. പ്രധാന റോഡുകളിലൂടെയോ ആളുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലൂടെയോ പോകരുതെന്നായിരുന്നു നിര്‍ദ്ദേശം. റെയില്പാളങ്ങള്ക്കുപുറമെ ആളൊഴിഞ്ഞ ഇടവഴി കളിലൂടെയും പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുമായിരുന്നു. നടന്നു തന്നെയായിരുന്നു യാത്രകള്‍.
മിക്കവാറും പ്രായമായവരുടെ വീടുകളിലാവും കുരുക്ഷേത്രം ഏല്‍പ്പിക്കാറ്. വീടുകളില്‍ ചെന്ന് വല്ല കടലാസും ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്തിരുന്നത്. കൂടുതല്‍ ചോദ്യവും ഉത്തരവുമില്ലായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളേജില്‍ പല എബിവിപി നേതാക്കളും വന്നിരുന്നു. ദേശീയ നേതാവിന്റെ സാന്നിദ്ധ്യത്തില്‍ തിരൂരങ്ങാടിയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു.
ഒരു വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു യോഗം നടന്നത്. രാഷ്ട്രസേവികാ സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് പ്രവര്‍ത്തനം കൂടുതല്‍ സജീവമായതെന്നും രാഷ്ട്ര സേവികാ സമിതി പ്രാന്തകാര്യവാഹിക കൂടിയായ ഡോ. ആര്യാദേവി കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: