വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലെ പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജീവിതചര്യയെപ്പറ്റി ഒരു ഫീച്ചര്‍ വന്നു. ഫീച്ചറിനോളം തന്നെ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് വായനക്കാരുടെ പേജില്‍ വന്ന ശക്തമായ വിയോജനക്കുറിപ്പും അതിലടങ്ങിയ നിര്‍ദ്ദേശങ്ങളും. എഴുതിയത് എം. മാധവന്, ചെമ്പ്ര.
വിരുദ്ധാഹാരങ്ങളുപേക്ഷിക്കുകയും, ഭക്ഷണശീലങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയും ചെയ്താല്‍, രോഗങ്ങളെ അകറ്റി ശരീരഭാരമൊക്കെ കുറച്ച് ഇഎംഎസിന് കൂടുതല്‍ കര്മ്മോത്സുകനാവാമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
പിന്നീട് അതേ പ്രസിദ്ധീകരണം, അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ ആരോഗ്യ ശീലങ്ങളെക്കുറിച്ചെഴുതിയപ്പോള്, അദ്ദേഹത്തിന്റെ ആരാധകന് കൂടിയായ മാധവന് അടുത്ത കത്തെഴുതി. ഇഷ്ടവിഭവങ്ങളുടെ പട്ടികയില്‍ നിന്ന് ഐസ്ക്രീം, മിക്സ്ചര്‍, അച്ചാര്‍ തുടങ്ങിയവയെ ഒഴിവാക്കി, ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണം കഴിച്ച് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകയാവാന്‍ പ്രധാനമന്ത്രിയോടുള്ള അഭ്യര്‍ത്ഥനയായിരുന്നു ആ കത്ത്.
മാധവന് ഡയറ്റീഷ്യനോ പത്രമാസികകള്‍ക്കു പതിവായി കത്തെഴുതുന്ന റിട്ടയേര്‍ഡ് അധ്യാപകനോ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. എഴുപതുകാരനായ അദ്ദേഹം അടിസ്ഥാനപരമായി യോഗിയാണ്! കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, നാലു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തും വിപുലമായ ശിഷ്യ സമ്പത്തുമുള്ള യോഗാചാര്യന്! ഇന്ത്യന്‍ യോഗ ഫെഡറേഷന് നടത്തിയ, അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള യോഗാഭ്യാസ മത്സരത്തില്‍ സ്വര്‍ണ്ണ മെഡലോടെ ചാമ്പ്യനായ ആദ്യ മലയാളി! തിരുനാവായ മാമാങ്ക മഹോത്സവ പുരസ്കാരമുള്‍പ്പെടെ വേറെയും നിരവധി അംഗീകാരങ്ങള്‍ ഇതിനകം മാധവനെ തേടിയെത്തിയിട്ടുണ്ട്.
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
ശുദ്ധവായു ശ്വസിക്കാതെ, ശുദ്ധജലം കുടിക്കാതെ, തെറ്റായ ഭക്ഷണ ശീലങ്ങളിലൂടെ നാം തന്നെയാണു പലപ്പോഴും രോഗങ്ങളെ വിളിച്ചുവരുത്തുന്നത്. ബ്രോയ്ലര്‍ ചിക്കനും മൈദയും ഡാല്‍ഡയും പഞ്ചസാരയും ബേക്കറി പലഹാരങ്ങളും അച്ചാറുകളുമൊക്കെ എന്നു മുതലാണോ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാതായത്, അന്നു മുതല്‍ രോഗങ്ങളും നമുക്കൊപ്പമുണ്ട്. അനാരോഗ്യത്തിനു വഴിമരുന്നിടുന്ന ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ശാസ്ത്രീയമായ യോഗപരിശീലനം സിദ്ധിച്ച ആളെ ആരും നിര്‍ബന്ധിക്കേണ്ടതില്ല. സസ്യാഹാരത്തിനു പ്രാധാന്യം,
യോഗയുടെ വഴി യാദൃച്ഛികം
പാലക്കാട് തിരുവേഗപ്പുറയ്ക്കടുത്ത ചെമ്പ്ര മേലേമീത്തില് കുഞ്ചുക്കുട്ടിയമ്മയുടേയും ശങ്കരന് നമ്പ്യാരുടേയും മകനായ മാധവന്, യോഗയുടെ ലോകത്തെത്തിയത് തികച്ചും യാദൃച്ഛികമായാണ്. കൃഷിയില്‍ അച്ഛന്റെ സഹായിയായിരുന്ന മാധവനെ ഇരുപതാം വയസ്സില്‍ പല തരത്തിലുള്ള ഉദരരോഗങ്ങള്‍ പിടികൂടി. മരുന്നു കഴിച്ചിട്ടും പറയത്തക്ക മാറ്റമൊന്നുമില്ലാതെ നട്ടം തിരിഞ്ഞ ഘട്ടത്തിലാണ് പ്രമുഖ പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ യോഗാചാര്യന് ടി.ജി. ചിദംബരന് ‘പവനമുക്താസന’ത്തെക്കുറിച്ചെഴുതിയ കുറിപ്പു വായിക്കുന്നത്. ഉദരവൈഷമ്യങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയായ പവനമുക്താസനം മാധവനു പുതുജീവന്‍ നല്കി. ക്രമേണ രോഗം പിന്മാറി; മരുന്നുകളോട് പൂര്‍ണ്ണമായും വിട പറഞ്ഞു.
ചിദംബരന്റെ തുടര്‍ കുറിപ്പുകളും ഗ്രന്ഥങ്ങളും പാഠപുസ്തകമാക്കി മുന്നേറിയ മാധവന്, പതിനാലു വര്‍ഷം യോഗ സ്വയം പരിശീലിച്ചു. യോഗാചാര്യന് ഗോവിന്ദന് നായരുടെ പുസ്തകങ്ങളും സ്വയം പഠനത്തിന് ഏറെ സഹായകമായി. മാധവന്റെ മികവിനെക്കുറിച്ചറിഞ്ഞ ടി.ജി. ചിദംബരന്, അദ്ദേഹത്തെ തന്റെ ‘യോഗദീപ്ത’ യോഗപരിശീലന പദ്ധതിയുടെ കോഴിക്കോട് കേന്ദ്രത്തില്‍ അധ്യാപകനാക്കി. മൂന്നു വര്‍ഷത്തെ ശാസ്ത്രീയമായ പരിശീലനത്തിനു ശേഷമായിരുന്നു നിയമനം. ”അന്തസ്സുള്ള തൊഴില്‍… ജീവിക്കാനുള്ള വരുമാനവും” എന്നാണു ഗുരുനാഥന് പറഞ്ഞത്. പ്രതിഫലത്തിന് ആവശ്യത്തില്‍ക്കവിഞ്ഞ പ്രാധാന്യം നല്കി യോഗയെ കച്ചവടവല്‍ക്കരിക്കരുത് എന്ന ഉപദേശവും നല്കി. നിലവില്‍ യോഗദീപ്ത എറണാകുളം കേന്ദ്രത്തിലെ പ്രധാന ആചാര്യനായ മാധവന്, പാലക്കാട് – മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലും വര്‍ഷങ്ങളായി ക്ലാസ്സ് നടത്തുന്നുണ്ട്. ഏകദിന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ വഴി പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ആയിരങ്ങളെയാണ് മാധവന് ഇതിനകം യോഗയുടെ പാതയിലെത്തിച്ചത്.
പ്രതിരോധത്തിനും പ്രതിവിധിക്കും
രോഗവും രോഗഭയവുമില്ലാത്ത ജീവിതമാണ് യോഗ ഉറപ്പുനല്‍കുന്നത്. രോഗം വരുത്തുന്ന ഘടകങ്ങളെ ശരീരത്തില്‍ നിന്നു തുരത്തിയാലേ രോഗം ബാധിക്കാതിരിക്കൂ. അത് യോഗാഭ്യാസത്തിലൂടെ സാധ്യമാകുമെന്നാണ് മാധവന്റെ പക്ഷം. പഴക്കമില്ലാത്ത ജീവിതശൈലീരോഗങ്ങളാണെങ്കില്‍ പൂര്‍ണ്ണമായും മാറ്റാം. പഴക്കമുള്ളവയ്ക്ക് കാര്യമായ ആശ്വാസവും നല്‍കാം.
ശുദ്ധവായു ശ്വസിക്കാതെ, ശുദ്ധജലം കുടിക്കാതെ, തെറ്റായ ഭക്ഷണ ശീലങ്ങളിലൂടെ നാം തന്നെയാണു പലപ്പോഴും രോഗങ്ങളെ വിളിച്ചുവരുത്തുന്നത്. ബ്രോയ്ലര്‍ ചിക്കനും മൈദയും ഡാല്‍ഡയും പഞ്ചസാരയും ബേക്കറി പലഹാരങ്ങളും അച്ചാറുകളുമൊക്കെ എന്നു മുതലാണോ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാതായത്, അന്നു മുതല്‍ രോഗങ്ങളും നമുക്കൊപ്പമുണ്ട്. അനാരോഗ്യത്തിനു വഴിമരുന്നിടുന്ന ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ശാസ്ത്രീയമായ യോഗപരിശീലനം സിദ്ധിച്ച ആളെ ആരും നിര്‍ബന്ധിക്കേണ്ടതില്ല. സസ്യാഹാരത്തിനു പ്രാധാന്യം, അതിരാവിലെയും അര്‍ദ്ധരാത്രിയും ഭക്ഷിക്കാതിരിക്കല്‍, ഭക്ഷണം നന്നായി ചവച്ചരയ്ക്കല്‍, ഇഷ്ടഭക്ഷണം മിതമായ അളവില്‍ കഴിക്കല്‍, ഏഴു മണിക്കൂര്‍ ഉറക്കം തുടങ്ങി ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും അത്യാവശ്യമായ നിരവധി കാര്യങ്ങള്‍ക്കാണ് യോഗയില്‍ ഊന്നല്‍.
രക്താതിസമ്മര്‍ദ്ദത്തിന് ശവാസനവും ഗ്യാസ്ട്രബിളിന് പവനമുക്താസനവും ഏറെ ഫലപ്രദമാണെന്നാണു വിദഗ്ധ മതം. അതുപോലെയാണ് ആസ്ത്മയ്ക്ക് മത്സ്യാസനവും പ്രമേഹത്തിന് വജ്രാസനവും. യോഗയിലൂടെ സ്ത്രീവന്ധ്യത പരിഹരിക്കപ്പെട്ടതിന് നിരവധി ഉദാഹരണങ്ങള്‍ തന്റെ പക്കലുണ്ടെന്ന് മാധവന് പറയുന്നു. ആധുനികകാല ദാമ്പത്യജീവിതത്തിന്റെ മുഖ്യ ശാപവും പല വിവാഹ മോചനങ്ങളുടേയും മൂല കാരണവുമായ ലൈംഗിക പ്രശ്നങ്ങളും ചിട്ടയായ യോഗ പരിശീലനത്തിലൂടെ ഒഴിവാക്കാമത്രെ. രക്തചംക്രമണം സുഗമമാകുന്നതും, ഞരമ്പുകളുടെ ബലം കൂടുന്നതും എല്ലുകള്‍ക്കു വഴക്കം വരുന്നതും കാഴ്ചയും കേള്‍വിയും മെച്ചപ്പെടുന്നതും, രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതുമെല്ലാം യോഗയുടെ പൊതുവായ ഗുണങ്ങളാണ്.
ഹൃദ്രോഗികള്‍ക്ക് പ്രത്യേക സിലബസ്
സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ ഭേദമില്ലാതെ ഏതു പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം. രോഗങ്ങളുള്ളവര്‍ ഡോക്ടറുമായി ആലോചിച്ച ശേഷം തുടങ്ങുന്നതാണുത്തമം. ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്ക് പ്രത്യേക സിലബസ് തന്നെയുണ്ട്. പുലര്‍ച്ചെയും വൈകീട്ടും നാലു മുതല്‍ എട്ടുവരെയാണ് യോഗാഭ്യാസത്തിന് ഏറ്റവും യോജിച്ച സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സ്വഭാവശുദ്ധി കൈവരിക്കാനും അതുവഴി പഠനത്തിലും പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്താനും യോഗ സഹായകമാണ്. കുട്ടിക്കുറ്റവാളികള്‍ പെരുകുന്ന ഇക്കാലത്ത് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് യോഗപരിശീലനം വ്യാപകമാക്കുന്നത് ഗുണകരമായിരിക്കുമെന്നും മാധവന് ചൂണ്ടിക്കാട്ടുന്നു.
പ്രകൃതി ജീവനവും ജൈവ കൃഷിയും വായനയും എഴുത്തുമെല്ലാമുണ്ടെങ്കിലും മാധവന്റെ മനസ്സില്‍ എന്നും ഒന്നാം സ്ഥാനത്ത് യോഗ തന്നെ. ഭാര്യ ശാന്തകുമാരിയും മൂന്നു മക്കളും മരുമക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തില്‍ മാധവന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാവുകയാണ് യോഗ പരിശീലകയായ മകള്‍ ജയ തങ്കമോഹന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: