തിരുവമ്പാടി: അഗസ്ത്യന്മുഴി- തിരുവമ്പാടി- കൈതപ്പൊയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിലെ ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ വ്യാപാരികള്‍ ഓവുചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു.
കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും ടൗണിലെ ഓവുചാല്‍ പണി പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവാത്ത പക്ഷം മഴക്കാലത്ത് പണി നിര്‍ത്തി വെക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിന്റെ പ്ലാനില്‍ മാറ്റം വരുത്തി കരാറുകാര്‍ക്ക് കോടികള്‍ കൊയ്യാന്‍ കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് കെ. ജിജി തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് പുല്ലങ്ങോട്, ഫൈസല്‍ ചാലില്‍, ടി.എ. നദീര്‍, വിജയമ്മ വിജയന്, മാണി, രാജന്മീര എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: