ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം ഐക്യപ്പെടുന്ന ഈ ഘട്ടത്തില്‍ നീചമായ രാഷ്ട്രീയം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. എല്ലാവരും ദേശീയതാത്പര്യത്തിനൊപ്പമാണ്. രാഹുലും അത് പിന്തുടരണം. ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളവുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ ജവാന്റെ പിതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്താണ് അമിത് ഷാ രാഹുലിന് മറുപടി നല്‍കിയത്.
ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. രാജ്യം മുഴുവന്‍ ഐക്യപ്പെടുന്ന ഈ സമയത്ത് രാഹുല്‍ ഗാന്ധി നീചമായ രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യത്തോട് ഐക്യപ്പെടണമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യം ശക്തമാണ്. ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കും. രാഹുല്‍ ഗാന്ധി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. എന്റെ മകന് രാജ്യത്തിനു വേണ്ടി പോരാടി. അവന് സൈന്യത്തില്‍ തുടരുമെന്ന് സൈനികന്റെ പിതാവ് പറയുന്ന വീഡിയോ സന്ദേശവും അമിത് ഷാ റീ ട്വീറ്റ് ചെയ്തു.
നേരത്തെ മറ്റൊരു സൈനികന്റെ പിതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരേ ആണ് അമിത് ഷാ രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: