തൃശൂര്‍: കാലവര്‍ഷമെത്തിയിട്ടും മഴ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ശക്തമായി മഴ പെയ്യേണ്ട ഇടവം കഴിഞ്ഞിട്ടും ആവശ്യത്തിന് മഴ ലഭിക്കാത്തത് കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരിയില്‍ താഴെ മഴയാണ് ഇത്തവണ ലഭിച്ചത്.
ഇതുവരെയുള്ള കണക്കനുസരിച്ച് തൃശൂര്‍ ജില്ലയില്‍ 29 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ അധിക മഴയും വടക്കന്‍ ജില്ലകളില്‍ ശരാശരി മഴയും ഇതിനകം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിനേക്കാള്‍ 35 ശതമാനം മഴക്കുറവാണ് തൃശൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 30 ശതമാനം മഴ കുറവ് സംസ്ഥാനത്തുണ്ടായിരുന്നു. ഈമാസം 14 വരെ സംസ്ഥാനത്ത് 275 മി.മീ. മഴ ലഭിക്കണം. എന്നാല്‍ 265 മി.മീ. മഴയേ പെയ്തിട്ടൂള്ളൂ. നാലു ശതമാനത്തിന്റെ കുറവ്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഇത് ശരാശരിയാണ്.
മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ മഴ കുറയുന്നെന്ന പ്രതിഭാസത്തെ ശരിവെക്കുന്നതാണ് ഈവര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയതലത്തില്‍ 34 ശതമാനം അധികമഴ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. 34 ശതമാനം അധികമഴ ഇതിനകം ദേശീയതലത്തില്‍ ലഭിച്ചു കഴിഞ്ഞു. 52 മി.മീറ്റിന് പകരം 70 മി.മീ. മഴയാണ് പെയ്തത്. ദേശീയതലത്തില്‍ അധിക മഴ ലഭിച്ചപ്പോഴും സംസ്ഥാനത്ത് ഇപ്പോഴും ശരാശരി മഴയേ പെയ്തിട്ടുള്ളൂ. ജൂണ്‍ 8ന് വൈകിയെത്തിയ മണ്‍സൂണിനെ പിന്നീട് വായു ചുഴലിക്കാറ്റ് കൊണ്ടുപോകുകയായിരുന്നു.
പ്രളയമുണ്ടായ 2018ല്‍ 52 ശതമാനത്തിന്റെ അധിക മഴയാണ് സംസ്ഥാനത്ത് പെയ്തത്. 277 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 420.3 മി.മീ. മഴ കിട്ടി. മാറുന്ന കാലാവസ്ഥ സാഹചര്യത്തില്‍ ഈവര്‍ഷം പ്രളയത്തെ കുറിച്ച് നേരത്തേ വ്യക്തമാക്കാനാവില്ലെന്നും ഒരാഴ്ച മുമ്പ് മാത്രമേ ഇതുസംബന്ധിച്ച സൂചനകള്‍ ലഭിക്കൂവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈമാസം 23ഓടെ ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ന്യൂനമര്ദ്ദത്തോടെ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. പശ്ചിമഘട്ട മലനിരകളില്‍ മഴ ലഭിച്ചാല്‍ വെള്ളം 36 മണിക്കൂറിനുള്ളില്‍ കടലില്‍ ഒഴുകിയെത്തും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: