അരിയെത്രയെന്ന് സി.ആര്. പരമേശ്വരന്, പയറഞ്ഞാഴിയെന്ന് വി. വിജയകുമാര്‍. രണ്ടുപേരും കമ്യൂണിസ്റ്റുകള്‍. ചര്‍ച്ച ചെയ്യുന്നത് മുതലാളിത്തത്തെക്കുറിച്ചും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന ഇരുവരും ഒരുകാലത്ത് കമ്യൂണിസ്റ്റ് സൈദ്ധാന്തിക വ്യാഖ്യാതാക്കളും പ്രചാരകരുമായിരുന്നു. സി.ആര്. പരമേശ്വരന് പ്രായോഗികതലത്തിലും സിദ്ധാന്തത്തിലും കമ്യൂണിസം പരാജയപ്പെടുന്നത് തിരിച്ചറിഞ്ഞ് വിമര്‍ശകനായി. പ്രകൃതി നിയമം പോലുള്ള നോവലുകളിലൂടെ സിദ്ധാന്തപരമായ തിരുത്തലിന്റെ ആവശ്യകത പ്രഖ്യാപിച്ചു. വി. വിജയകുമാര്‍ ഇപ്പോഴും മാര്‍ക്സിനേയും ഗ്രഹാംഷിയേയും വായിച്ചും കമ്യൂണിസവും മാര്‍ക്സിസവും വ്യാഖ്യാനിച്ചും പ്രവര്‍ത്തനത്തിലുണ്ട്. വിജയകുമാര്‍ എഴുതിയ ‘മാര്‍ക്സും ഗ്രാംഷിയും നല്കിയ പാഠങ്ങള്‍’ എന്ന ലേഖനം വായിച്ച്, 150 കൊല്ലം മുമ്പ്, മുതലാളിത്തം പ്രതിസന്ധിയില്‍ എന്ന് മാര്‍ക്സ് പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നതിനെ പരമേശ്വരന് ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. വിജയകുമാറിന്റെ സങ്കല്‍പ്പത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെവിടെയാണുള്ളത് എന്നു ചോദിച്ച് മറുപടി നല്കുമ്പോള് പ്രത്യേക ലേബലുകള്‍ ചൊരിയരുതേ എന്നും സിആര്‍ അഭ്യര്‍ഥിക്കുന്നു. പക്ഷേ, വ്യക്തമായ മറുപടിക്കു പകരം ജാതിയും മതവും വര്‍ണവും നിരത്തി, കൃത്രിമ ഭാഷയില്‍ ചിലതു പറയുകയാണ് വിജയകുമാര്‍.
ഇരുവരുടെയും ഫേസ്ബുക് പോസ്റ്റില്‍നിന്ന്:
”മാര്‍ക്സ് മരിച്ചിട്ട് 137 കൊല്ലവും ഗ്രാംഷി മരിച്ചിട്ട് 83 കൊല്ലവും ആയി. മുതലാളിത്തം പ്രതിസന്ധിയില്‍ എന്ന് താങ്കളെപ്പോലെ തന്നെ 150 കൊല്ലത്തിലേറെ മുന്‍പ് മാര്‍ക്സും പറഞ്ഞതാണ്. ഇനി ഒരൊറ്റ തള്ള് മതി എന്ന മട്ടില്‍. പിന്നീട് അത് ഓരോ മാര്‍ക്സിസ്റ്റും നിര്‍ബന്ധിമായി പറയേണ്ടുന്ന വേദ മന്ത്രമായി. എന്നിരുന്നാലും, മുതലാളിത്തമാകട്ടെ അങ്ങനെയും ഇങ്ങനെയും ഒക്കെ -മനുഷ്യജീവിതം പോലെ തന്നെ -അതിജീവിച്ചു കൊണ്ടിരിക്കുന്നു. ആട്ടെ, താങ്കളുടെ സങ്കല്‍പ്പത്തില്‍ ഉള്ള ഒരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ എവിടെയാണ് ഉണ്ടായിട്ടുള്ളത്? ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ എങ്കിലും വാചികാനുഷ്ഠാനങ്ങളില് നിന്നു വിമോചിതനായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടെ ഈ ഋജുവായ ചോദ്യത്തിന് മേല്‍ ലേബലുകള്‍ ചൊരിയരുതേ. 150ല്‍ ഏറെ കൊല്ലമായി കാത്തിരിക്കുന്നു; ഇനിയും കാത്തിരിക്കണമെന്ന് പറയരുതേ,” സി.ആര്. പരമേശ്വരന് എഴുതുന്നു.
വിജയകുമാറിന്റെ മറുപടി ഇങ്ങനെ:
”മുതലാളിത്തത്തിന്റെ അതിജീവനത്തെ മനുഷ്യ ജീവിതം പോലെ എന്ന രൂപകം കൊണ്ട് സി.ആര്. പരമേശ്വരന് എഴുതുന്നു. എന്തൊരു സൗമ്യതയാണ്, വിശാലവീക്ഷണമാണ് ആ രൂപകത്തില്‍. എന്നാല്‍, പ്രതിരോധപ്രസ്ഥാനങ്ങളായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അങ്ങനെ അതിജീവിക്കുന്നതിനെ കുറിച്ച്, അതിനു നടത്തുന്ന ശ്രമങ്ങളെ കുറിച്ച് അസഹിഷ്ണുവാകുന്നു അദ്ദേഹം. മനുഷ്യജീവിതം പോലെ എന്ന സൗമ്യരൂപകം കൊണ്ട് വേണ്ട, അതിജീവിക്കാനുള്ള ദരിദ്രന്റെ, തെണ്ടിയുടെ, ദളിതന്റെ, കീഴാളന്റെ ശ്രമം പോലെ കീഴാളജീവിതം പോലെ എന്ന രൂപകം കൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അതിജീവനത്തെ രേഖപ്പെടുത്താന്‍ അദ്ദേഹം അനുവദിക്കണം. (മനുഷ്യരില്‍ കീഴാളര്‍ ഉള്‍പ്പെടുന്നതായി ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ്യ വ്യവസ്ഥയും കരുതുന്നില്ലല്ലോ?)
പ്രതികരിക്കാൻ ഇവിടെ എഴുതുക: