ടൂറിന്: ഡ്രൈസ് മെര്‍ട്ടന്‍സിന്റെ ചരിത്രം കുറിച്ച ഗോളില്‍ നാപ്പോളി കോപ്പ ഇറ്റാലിയ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ മെര്‍ട്ടന്‍സിന്റെ നിര്‍ണായക ഗോളില്‍ ഇന്റര്‍ മിലാനെ സമനിലയില്‍ (1-1) പിടിച്ചു നിര്‍ത്തിയതോടെയാണ് നാപ്പോളി ഫൈനലില്‍ കടന്നത്. ഇരു പാദങ്ങളിലുമായി നടന്ന സെമിയില്‍ അവര്‍ 2-1 ന് ജയിച്ചുകയറി. ആദ്യ പാദത്തില്‍ നാപ്പോളി മടക്കമില്ലാത്ത ഒരു ഗോളിന് ജയം നേടിയിരുന്നു.
ഈ മാസം പതിനേഴിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നാപ്പോളി സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസുമായി മാറ്റുരയ്ക്കും.
രണ്ടാം പാദ സെമിയില്‍ മെര്‍ട്ടന്‍സ് ഗോള്‍ അടിച്ചതോടെ നാപ്പോളിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. നാപ്പോളിക്കായി മെര്‍ട്ടന്‍സ് കുറിക്കുന്ന 122-ാമത്തെ ഗോളാണിത്. മാറേക്ക് ഹാംസിക്കിന്റെ റെക്കോഡാണ് ഇതോടെ മെര്‍ട്ടന്‍സ് മറികടന്നത്.
നാപ്പോളിയെ ഞെട്ടിച്ച് മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഇന്റര്‍ മിലാന് മുന്നിലെത്തി. ക്രിസ്റ്റിയന്‍ എറിക്സണാണ് ഇന്ററിന് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ നാപ്പോളി ഗോള്‍ മടക്കി സമനില പിടിച്ചു. ലോറന്‍സോ ഇന്സൈന് നല്കിയ പാസ് മെര്‍ട്ടന്‍സ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: