മാഡ്രിഡ്: കളം നിറഞ്ഞു കളിച്ച സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ ലാ ലിഗയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. കൊറോണ സമ്മാനിച്ച മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലിറങ്ങിയ ബാഴ്സ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് മയോര്‍ക്കയെ തകര്‍ത്തുവിട്ടു.
ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് കളിയിലെ കേമന്‍. ഗോള്‍ അടിച്ചതോടെ മെസി ലാ ലിഗയില്‍ മറ്റൊരു നേട്ടത്തിന് അര്‍ഹനായി. ലാ ലിഗയില്‍ തുടര്‍ച്ചയായി പന്ത്രണ്ട് സീസണുകളില്‍ ഇരുപതോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന കളിക്കാരനായി.
ഈ വിജയത്തോടെ ബാഴ്സ ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അറുപത്തിയൊന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സയുടെ എതിരാളികളായ റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് ഇരുപത്തിയേഴ് മത്സരത്തില്‍ അമ്പത്തിയാറ് പോയിന്റാണുള്ളത്.
കാണികളെ ഒഴിവാക്കി ഐബെറോസ്റ്റര് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ മയോര്‍ക്കയെ വാരിക്കളഞ്ഞു. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ മുന്നിലെത്തി. ചിലിയന്‍ മധ്യനിരക്കാരന് വിഡാള്‍ ഹെഡറിലൂടെ സ്കോര്‍ ചെയ്തു. രണ്ടാം ഗോള്‍ മെസിയുടെ മികവിലാണ് പിറന്നത്. മയോര്‍ക്കയുടെ ബോക്സിന് പുറത്ത് നിന്ന് മെസി നല്കിയ പാസ് മാര്ട്ടിന് ബ്രാത്ത്വെയ്റ്റ് ഗോളിലേക്ക് തിരിച്ചുവിട്ടു. മുപ്പത്തിയേഴാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍.
എഴുപത്തിയൊമ്പതാം മിനിറ്റില്‍ ജോര്‍ഡി അല്ബാ ബാഴ്സയുടെ ലീഡ് 3-0 ആയി ഉയര്‍ത്തി. അവസാന നിമിഷങ്ങളില്‍ മെസിയും സ്കോര്‍ ചെയ്തതോടെ ബാഴ്സ 4-0 ന് ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: