ടൂറിന്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. വിരസമായ രണ്ടാം പാദ സെമിയില്‍ യുവന്റസ് എസി മിലാനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ പാദ സെമിയും സമനില (1-1) യായിരുന്നു. എന്നാല്‍ എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റസ് ഫൈനലിലേക്ക് കടന്നുകയറി.
നാപ്പോളിയും ഇന്റര്‍ മിലാനുംതമ്മിലുളള രണ്ടാം പാദ സെമിയിലെ വിജയികളെയാണ് യുവന്റസ് ഫൈനലില്‍ എതിരിടുക. ഈ മാസം പതിനേഴിന് റോമിലാണ് ഫൈനല്‍.
കൊറോണ മഹാമാരിയെ തുടര്‍ന്നുണ്ടായ മൂന്ന മാസത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ യുവന്റസിനും എസി മിലാനും മികവ് കാട്ടാനായില്ല. യുവന്റസിന്റെ തട്ടകമായ അലിയന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുവന്റസാണ് അല്‍പ്പമെങ്കിലും പോരാട്ട വീര്യം കാണിച്ചത്.
യുവന്റസിനെ വിജയത്തിലേക്ക് നയിക്കാന്‍ ലഭിച്ച കനകാവസരം റൊണാള്‍ഡോ പാഴാക്കി.
പെനാല്‍റ്റി ഗോളാക്കി മാറ്റുന്നതില്‍ ഈ പോര്‍ച്ചുഗീസ് താരം പരാജയപ്പെട്ടു. പതിനാറാം മിനിറ്റില്‍ ആന്റി റെബിക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്ത് പേരുമായാണ് എസി മിലാന് കളിച്ചത്. ഈ ആനുകൂല്യവും യുവന്റസിന് മുതലാക്കാനായില്ല.
കിക്കോഫന് മുമ്പ് എല്ലാ കളിക്കാരും കൊറോണ മൂലം മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ മൗനം ആചരിച്ചു. വംശീയാധിക്ഷേപത്തിനെതിരെ മുന്നറിയിപ്പുമായാണ് കളിക്കാര്‍ ഇറങ്ങിയത്. മിലാന് കളിക്കാര്‍’ബ്ലാക്ക്് ലൈവ്സ് മാറ്റര്‍’ എന്ന് എഴുതിയ ജേഴ്സിയുമായാണ് വാമപ്പ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: