ഇടുക്കി: ഭൂരേഖകളിൽ കൃത്രിമം നടത്തി സർക്കാർ ഭൂമി തട്ടിപ്പ് നടത്തുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ദേവികുളം തഹസിൽദാരുടെ റിപ്പോർട്ട് പ്രകാരം ഇടുക്കി കളക്ടറാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഭവന പദ്ധതികളുടെ മറവിൽ കണ്ണൻദേവൻ ഹിൽസ് വില്ലേജ് ഓഫീസിൽ നിന്നും പട്ടയമില്ലാത്തതും അനധികൃതമായി കൈയേറി കൈവശം വച്ച് വരുന്നതുമായ സർക്കാർ പുറമ്പോക്ക് ഭൂമികൾക്ക് ചട്ടവിരുദ്ധമായി കൈവശാവകാശ സാക്ഷ്യപത്രം അനുവദിച്ചെന്ന് ദേവികുളം തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സനിൽകുമാർ .റ്റി. എസ് (ഡെപ്യൂട്ടി തഹസിൽദാർ, ഉടുമ്പൻചോല താലൂക്ക് ഓഫീസ്), പ്രീത.പി. (സെക്ടർ ഓഫീസർ കണ്ണൻദേവൻ ഹിൽസ് വില്ലേജ്), ഇ.പി. ജോർജ് ( വില്ലേജ് ഓഫീസർ, കുമാരമംഗലം), ഗോപകുമാർ.ആർ (ഓഫീസ് അറ്റൻൻ്റ് , കളക്ടറേറ്റ്), ആർ. സ്റ്റീഫൻ( വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, കണ്ണൻ ദേവൻ ഹിൽസ് വില്ലേജ്) എന്നിവരെയാണ് കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
വില്ലേജ് റെക്കോഡുകളിൽ വില്ലേജ് ജീവനക്കാർ വ്യാപകമായ ക്രമക്കേടുകൾ നടത്തുകയും വ്യാജരേഖ ചമക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ വില്ലേജിലെ സർക്കാർ ഭൂമിയുടെ സംരക്ഷണത്തെ അപ്പാടെ ബാധിക്കുന്ന നടപടികളാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ക്രമക്കേടുകൾ അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോടികൾ വിലമതിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറുന്നതിന് ഒത്താശ ചെയ്ത ഗുരുതരമായ ചട്ടലംഘനവും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ മനപൂർവ്വമായ വീഴ്ചയും വരുത്തിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: