തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊറോണ വാര്ഡില്ഐസൊലേഷന് മുറിയില്‍ രോഗികള്‍ തൂങ്ങിമരിച്ചത് പിണറായി സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ മൂലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്. വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ സുരക്ഷ ഒരുക്കേണ്ട മെഡിക്കല്‍ കോളേജില്‍ ഒരു രോഗി ആത്മഹത്യ ചെയ്തത് സര്‍ക്കാറിന്റെ അനാസ്ഥ വെളിവാക്കുന്നതാണ്. നേരത്തെ ഇവിടെ നിന്നും ഇതേ രോഗി ചാടി പോയിട്ടും സര്‍ക്കാര്‍ അറിഞ്ഞില്ല. ജനങ്ങളോട് കരുതല്‍ തുടരാന്‍ പറയുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. പലതും ഒളിച്ചുവെക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
തലസ്ഥാനത്ത് കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വിഷയത്തെ നിസാരമായി കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംഭവിച്ച വീഴ്ച വിശദമാക്കി തെറ്റ് തിരുത്താന്‍ ആരോഗ്യവകുപ്പ് തയാറാകണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
രോഗി മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും വി.വി. രാജേഷ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ ട്രഷറര്‍ നിഷാന്ത്, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എല്‍. അജേഷ്, സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു, ജില്ലാ പ്രസിഡന്റ് ആര്. സജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, ജില്ലാ നേതാക്കളായ ആനന്ദ്, ആശാനാഥ്, കാര്‍ത്തിക, കിരണ്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: